കേസ് വിനയായി; നിയമനം ലഭിക്കാതെ 572 സംഗീത-കലാ അധ്യാപകര്‍
കല്‍പ്പറ്റ: ഡാന്‍സ്-ഡ്രാമ വിഭാഗത്തില്‍പ്പെട്ടവര്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്റ്റേയെ തുടര്‍ന്ന് നിയമനം കാത്തു കഴിയുന്ന 572ഓളം സംഗീത കലാ അധ്യാപകര്‍ ദുരിതത്തില്‍. വിദ്യാര്‍ഥികളിലെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ എസ്.എസ്.എ മുഖേനെയാണ് 838 സ്‌കൂളിലായി 2514 സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തിക സൃഷ്ടിച്ചത്.
യു.പി സ്‌കൂളിലേക്കാണ് ഇവര്‍ക്ക് നിയമനം നല്‍കേണ്ടത്. 2010ലാണ് ആദ്യ വിജ്ഞാപനം ഉണ്ടാവുന്നത്. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും കൂടിക്കാഴ്ചകളോ, നിയമനങ്ങളോ നടക്കാതായതോടെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതോടെ കലാ-കായിക-വര്‍ക്ക് എജ്യുക്കേഷന്‍ അധ്യാപകരുടെ കൂടിക്കാഴ്ചകള്‍ വിവിധ ജില്ലകളിലായി നടത്തി ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി. 2016 ഫെബ്രുവരിയില്‍ കൂടിക്കാഴ്ചകള്‍ നടത്തിയ എസ്.എസ്.എ ആ വര്‍ഷം ഡിസംബറോടെ 1942 തസ്തികകളില്‍ അധ്യാപകരെ നിയമിച്ചു.
ഇതിനിടെ ഡാന്‍സ്-ഡ്രാമ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളെയും ഈ തസ്തികകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ബാക്കിയുള്ള 572 ആളുകളുടെ നിയമനവും അനിശ്ചിതത്വത്തിലായി.
കെ.ഇ.ആറിലോ, പി.എസ്.സിയുടെ പരിധിയിലോ, സിലബസിലോ ഉള്‍പ്പെടാത്ത ഡാന്‍സ്-ഡ്രാമ വിഭാഗത്തിലുള്ളവരെ ഈ തസ്തികകളില്‍ നിയമിക്കാന്‍ സാധിക്കില്ലെന്ന് 2017 ഫെബ്രുവരിയില്‍ തന്നെ ആര്‍ട്ട് ഫിസിക്കല്‍ എജ്യുക്കേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരാഹികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍ ഹരജി ഇതുവരെയും പരിഗണിച്ചിട്ടില്ല.
ഇതോടെ വര്‍ഷങ്ങളായുള്ള ഇവരുടെ തൊഴില്‍ മോഹത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ഒപ്പം ശമ്പളയിനത്തില്‍ ലഭിച്ച 55 കോടിയോളം രൂപയും ലാപ്‌സായി പോവുകയാണ്. അതിനിടെ 2017 ഓഗസ്റ്റില്‍ യോഗ പാഠ്യ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് തള്ളിയ കോടതി സര്‍ക്കാരും വിദ്യഭ്യാസ വിദഗ്ധരുമാണ് പാഠ്യപദ്ധതി നിശ്ചയിക്കേണ്ടതെന്നും അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള ഉത്തരവ് ഇറക്കി.
ഒപ്പം ഇത്തരം കേസുകളില്‍ ആറുമാസത്തില്‍ കൂടുതല്‍ സ്റ്റേ വേണ്ടന്ന ഉത്തരവും ഇറക്കി. ഇതിനോട് സമാനമാണ് കേരളത്തിലെ സംഗീത കലാ അധ്യാപകരുടെ കേസും.
22 മാസം കഴിഞ്ഞു ഹൈക്കോടതി കലാ അധ്യാപക നിയമനത്തിന് മുകളില്‍ സ്റ്റേ കൊണ്ടുവന്നിട്ട്. സുപ്രിം കോടതിയുടെ ഉത്തരവ് മാനിക്കുകയാണെങ്കില്‍ സ്റ്റേ നീക്കേണ്ട കാലം അതിക്രമിച്ചു. സ്റ്റേ നീക്കി തങ്ങള്‍ക്ക് അവകാശപ്പെട്ട ജോലി നല്‍കണമെന്നാണ് ഈ അധ്യാപകരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."