ലഗേജുകള്‍ ഇല്ലാതെ ദുരിതയാത്ര; കരിപ്പൂരില്‍ യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സുകളുടെ 'പെരുന്നാള്‍' സമ്മാനം
ദമ്മാം: കരിപ്പൂരില്‍ ബാഗേജുകളില്ലാതെ വിമാനയാത്രക്കാര്‍ക്ക് ദുരിത യാത്ര. കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകീട്ടെത്തിയ യാത്രക്കാര്‍ക്കാണ് വിമാന കമ്പനികള്‍ വക ലഗേജ് തടഞ്ഞുവെച്ച് പെരുന്നാള്‍ സമ്മാനം നല്‍കിയത്. ബാഗേജ് ഇല്ലായെന്നു അറിഞ്ഞപ്പോള്‍ അതിന്റെ ക്ലിയറന്‍സിനു വേണ്ടി യാത്രക്കാരുടെ നെട്ടോട്ടവും. ദമ്മാമില്‍ നിന്നും കോഴിക്കോട്ടെത്തിയ ജെറ്റ് എയര്‍ ,മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ യാത്രക്കാര്‍ക്കാണ് ദുരിതാനുഭവം.
ദമ്മാമില്‍ നിന്നും കോഴിക്കോട്ടെത്തിയ ജെറ്റ് എയര്‍ലൈന്‍സിലെ പകുതിയോളം യാത്രക്കാരുടെ ബാഗേജുകളാണ് നഷ്ടമായത്. ദമ്മാമില്‍ നിന്നും യാത്ര തുടങ്ങുന്നതിന്റെ ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പ് കയറ്റിയ ബാഗേജുകള്‍ പുറത്തിറക്കി വീണ്ടും വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റുകയായിരുന്നു. ഇതു കണ്ട യാത്രക്കാര്‍ ഒച്ചവെച്ചപ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ സമാധാനിപ്പിക്കുകയായിരുന്നു. ഒച്ചവെച്ച യാത്രക്കാരോട് നിങ്ങള്‍ ബഹളം വെച്ചു നടപടികള്‍ തടസ്സപ്പെടുത്തിയാല്‍ വിമാനം ആറു മണിക്കൂര്‍ ഇവിടെ തന്നെ പിടിച്ചിടേണ്ടി വരുന്ന അവസ്ഥ സൃഷ്ടിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ തങ്ങളുടെ ബാഗേജില്ലാതെ യാത്ര തുടരുന്നില്ലെന്ന് അറിയിച്ച യാത്രക്കാരോട് കാരണം വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലായിരുന്നു. ഏറെ ബഹളങ്ങള്‍ക്ക് ശേഷം കരിപ്പൂരിലും പരിസരത്തും കാലാവസ്ഥ മോശമായതിനാല്‍ ചിലപ്പോള്‍ കുറെ സമയം ദിശമാറി സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വിമാന ഇന്ധനം അധികമായി നിറച്ചതിനെ തുടര്‍ന്ന് വെയിറ്റ് അനുപാതം ക്രമീകരിക്കാന്‍ വേണ്ടിയാണ് ബഗേജുകള്‍ ഇറക്കിയതെന്ന വിശദീകരണവും വേണ്ട നടപടികള്‍ കരിപ്പൂരില്‍ ജെറ്റ് എയര്‍ ക്രമീകരിക്കുകയും ചെയ്‌തെന്ന ഉറപ്പിന്‍മേലാണ് യാത്ര തുടര്‍ന്നത്.
എന്നാല്‍ ,കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇതിലും കടുത്ത ദുരിതമായിരുന്നു യാത്രക്കാര്‍ക്ക്. ജെറ്റ് എയറിനു പുറമെ ഒരേ സമയം ഇവിടെയെത്തിയ മറ്റു മൂന്നു യാത്രാ വിമാനങ്ങളിലെ യാത്രക്കാരും ബാഗേജ് പ്രശ്‌നത്തില്‍ പെട്ട് ഉഴലുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് ദമ്മാം യാത്രക്കാര്‍ക്കൂടി എത്തിയതോടെ വിമാനത്താവള അന്താരാഷ്ട്ര ആഗമന ഹാള്‍ വന്‍ ബഹളത്തിലേക്കുയര്‍ന്നു. അവസാനം ഏറെ മണിക്കൂറുകള്‍ക്കു ശേഷം നഷ്ടപെട്ട ബാഗേജുകള്‍ക്ക് ക്ലിയറന്‍സ് പേപ്പറുകള്‍ നല്‍കി തൊട്ടടുത്ത ദിവസം എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാനും യാത്രാകൂലി സഹിതം ബാഗേജുകള്‍ നല്‍കുമെന്നും പറഞ്ഞ് യാത്രക്കാരെ അയക്കുകയായിരുന്നു.
യാത്ര തുടങ്ങുന്ന അവസരത്തില്‍ ചെറിയ വിമാനമാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ കയ്യില്‍ കരുതുന്ന ഹാന്‍ഡ് ബാഗ് വരെ ബാഗേജിനൊപ്പം നിര്‍ബന്ധിച്ച് കൂടിയതിനാല്‍ യാത്രികരും രണ്ടും മൂന്നും വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കുടുബത്തിലേക്ക് പോകുന്ന യാത്രികരും അവസാനം വെറും കയ്യോടെയാണ് വീട്ടിലേക്ക് യാത്ര തിരിച്ചത്. സഊദിയില്‍ അവധി തുടങ്ങിയതിനാല്‍ കുടുംബ സഹിതം യാത്ര ചെയ്തവര്‍ക്ക് വന്‍ ദുരിതമാണ് എയര്‍വൈസുകള്‍ സമ്മാനിച്ചത്.യാത്രയില്‍ ബാഗേജ് ലഭിക്കാത്തവരുടെ ബാഗേജുകള്‍ ഇന്ന് വൈകീട്ടോടെ ലഭിച്ച അഡ്രസുകളില്‍ വീടുകളില്‍ എത്തിക്കാന്‍ നടപടി തുടങ്ങിയതായി ജെറ്റ് എയര്‍വൈസ് കരിപ്പൂര്‍ ഓഫീസ് അറിയിച്ചു. അതേസമയം, കരിപ്പൂരില്‍ ഇത് സ്ഥിരം സംഭവമാണെന്നും മലബാര്‍ മേഖലയിലെ യാത്രക്കാരോട് കാണിക്കുന്ന അലംഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."