കെവിന്റെ കൊലപാതകം: പൊലിസുദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തി ഐ.ജിയുടെ റിപ്പോര്‍ട്ട്
കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസില്‍ പോലിസുദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി മേഖലാ ഐ.ജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ട്. ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തട്ടിക്കൊണ്ടുപോകല്‍ വിവരം മന:പൂര്‍വമായി മറച്ചുവച്ചത് എ.എസ്.ഐയാണെന്ന് ഐ.ജി അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം അട്ടിമറിച്ചതും ഇയാളാണ്. പ്രതികളുമായി രണ്ടുതവണ ബിജു ഫോണില്‍ സംസാരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞപ്പോള്‍ ബിജു മുഖ്യപ്രതി സാനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കെവിന്‍ രക്ഷപ്പെട്ടെന്നായിരുന്നു സാനുവിന്റെ മറുപടി. തട്ടിക്കൊണ്ടുപോയ സംഭവത്തെ പൊലിസ് ഗൗരവമായി കണ്ടില്ല. വിവരങ്ങള്‍ കൃത്യമായി അറിഞ്ഞിട്ടും ബിജു മേലുദ്യോഗസ്ഥരെ അറിയിച്ചില്ല.
ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബു വിവരമറിയുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്‌നമെന്ന നിലയിലാണ് കൈകാര്യം ചെയ്തത്. കോട്ടയം ഡിവൈ.എസ്.പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയ സാനു ചാക്കോ അടക്കമുള്ളവര്‍ക്ക് പ്രാദേശികസഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഐ.ജിയുടെ റിപ്പോര്‍ട്ട്. പൊലിസില്‍നിന്നു തന്നെയാണ് പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യത്തില്‍ പൊലിസ് നേരിട്ട് പങ്കാളിയായെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് ഐ.ജി തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. അതേസമയം, എസ്.ഐ ഷിബുവിനൊപ്പം സസ്‌പെന്‍ഷനിലായ എ.എസ്.ഐ സണ്ണി ഗുരുതരവീഴ്ച വരുത്തിയിട്ടില്ലെന്നും ഐ.ജിയുടെ കണ്ടെത്തലിലുണ്ട്. സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം പാലിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലിസിന് ഗുരുതരവീഴ്ച സംബന്ധിച്ച കണ്ടെത്തല്‍ ഐ.ജി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."