സമനില തെറ്റി വിഡ്ഢിത്തം വിളമ്പുന്നത് പിണറായി: ചെന്നിത്തല
തിരുവനന്തപുരം: വിഡ്ഢിത്തം വിളമ്പുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഡ്ഢിത്തം വിളമ്പുന്നതില്‍ കേമനാണ് മുഖ്യമന്ത്രി. താന്‍ വിടുവായത്തം പറയുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
മുഖ്യമന്ത്രിയല്ല മഹാരാജാവായാലും താന്‍ പറയാനുള്ളത് പറയും. അത് പറയേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി കഴിവുകേട് മറയ്ക്കാന്‍ മാധ്യമങ്ങളെ കുറ്റം പറയുന്നു. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്.
മാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടായതു കൊണ്ടാണ് കെവിന്റെ കൊലപാതകത്തിലെ വീഴ്ച വെളിയില്‍ വന്നതും അന്വേഷണം ശക്തമായതും. ദൈവത്തിന്റെ ഈ നാടിനെ പിശാചിന്റെ നാടാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.
നാടിനെ അപമാനിക്കുന്നത് മുഖ്യമന്ത്രിയാണ്, മാധ്യമങ്ങളല്ല. പൊലിസിന്റെ ഘടനയിലെ വീഴ്ചയാണ് ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് കാരണം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഉദ്യോഗസ്ഥരെ ഭരണം ഏല്‍പ്പിച്ചതാണ് പ്രശ്നം. താനും രണ്ട് വര്‍ഷം ആഭ്യന്തര മന്ത്രി ആയിരുന്നയാളാണ്. അന്ന് ഇത്തരം ഒരു സംഭവം പോലും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പൊലിസ് ഭരണം പൂര്‍ണ പരാജയമാണെന്ന് ബോധ്യപ്പെട്ടതിന്റെ ജാള്യതയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും നേരെ ആരോപണം ഉന്നയിക്കുന്നതിന്റെ കാരണം.
മാധ്യമങ്ങളും പ്രതിപക്ഷവും മാത്രമല്ല വി.എസ് അച്യുതാനന്ദന്, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച വന്നതായി പറഞ്ഞു. പാളിച്ച ഉണ്ടായിയെന്ന് പറയാനുള്ള മാന്യത മുഖ്യമന്ത്രിക്ക് ഉണ്ടാകണം. പെട്രോളിന്റെ അധിക നികുതി വേണ്ടെന്ന് വയ്ക്കാത്തത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."