മൂന്നാര്‍ കൈയേറ്റങ്ങളെ ന്യായീകരിക്കരുത്
മൂന്നാര്‍ കൈയേറ്റങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമര്‍ശനമാണ് ഇന്നലെ ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയിരിക്കുന്നത്. കര്‍ഷകരുടെ പേരില്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസിനു മുന്നില്‍ സി.പി.എം നടത്തിവന്ന സമരത്തെ എതിര്‍ത്ത് സംസാരിച്ചതില്‍നിന്നു വി.എസ് അച്യുതാനന്ദന്റെ നിലപാട് വ്യക്തമാണ്. സബ് കലക്ടര്‍ പ്രവര്‍ത്തിക്കുന്നത് ന്യായയുക്തവും ജനതാല്‍പര്യം സംരക്ഷിക്കാനുമാണെന്നാണ് വി.എസ് പറഞ്ഞത്. മൂന്നാര്‍ കൈയേറ്റങ്ങളെ പഴക്കം പറഞ്ഞ് ന്യായീകരിക്കുന്നത് ഉചിതമല്ല. അന്യായമായ കൈയേറ്റങ്ങള്‍ക്കെതിരേ സിവില്‍ കേസ് ഫയല്‍ ചെയ്ത് സര്‍ക്കാര്‍ ഈ വിഷയത്തിലുള്ള ആത്മാര്‍ഥത തെളിയിക്കുകയാണു വേണ്ടത്. മൂന്നാറിന് മാത്രമായി പ്രത്യേക കെട്ടിടനിര്‍മാണ ചട്ടവും മൂന്നാര്‍ വികസന അതോറിറ്റിയും രൂപീകരിച്ച് ഭൂമാഫിയയുടെ തള്ളിക്കയറ്റം തടഞ്ഞുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
സ്ഥലം എം.എല്‍.എ എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയാണ് വീട് പണിതതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ വീട് പട്ടയഭൂമിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. രാജേന്ദ്രന്റെ വീട് 2000ല്‍ അദ്ദേഹത്തിന് ലഭിച്ച പട്ടയഭൂമിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് രാജേന്ദ്രനെ വിശ്വസിച്ചായിരിക്കണം. എന്നാല്‍, പട്ടയം നല്‍കേണ്ട അതോറിറ്റിയായ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി 2000 മുതല്‍ 2004 വരെ യോഗം തന്നെ ചേര്‍ന്നിട്ടില്ലെന്ന് വിവരാവകാശ രേഖ പറയുന്നു.
ജനങ്ങള്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മൂന്നാറിനൊപ്പം പാറ്റൂരിലും ലോ അക്കാദമിയിലും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയത് ഒഴിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നുണ്ട്. 2010ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ മൂന്നാര്‍ ഓപറേഷനുമായി വന്നാല്‍ കാലുവെട്ടുമെന്ന് പറഞ്ഞ അന്നത്തെ ജില്ലാ സെക്രട്ടറി എം.എം മണി ഇന്ന് മന്ത്രിയാണ്. എസ്. രാജേന്ദ്രന്റെ ഭൂമി കൈയേറ്റത്തെ ഇന്നലെ അദ്ദേഹം കോഴിക്കോട്ട് ന്യായീകരിച്ച് തന്റെ പഴയ നിലപാട് അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം ഏതാനും ഭൂമാഫിയകള്‍ക്കു വേണ്ടി കളഞ്ഞുകുളിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. ഭൂമാഫിയകള്‍ക്കെതിരേ അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ വി.എസിന്റെ വാക്കുകള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
1977ന് ശേഷം മൂന്നാറില്‍ നടന്ന കൈയേറ്റങ്ങളെല്ലാം അനധികൃതമാണ്. ഇത്തരം കൈയേറ്റങ്ങളെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. വ്യാജ പട്ടയം നിര്‍മിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ സാധാരണക്കാരല്ല. സാധാരണക്കാരുടെ പേരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളാണ് കൈയേറ്റം നടത്തിയിരിക്കുന്നത്. ഇവര്‍ വ്യാജപട്ടയം സമ്പാദിച്ച് മാഫിയകള്‍ക്ക് മറിച്ചുവില്‍ക്കുന്നു. പത്ത് ഏക്കറിലധികം ഭൂമി രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ കൈയേറിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഒഴിപ്പിക്കാന്‍ തുനിയുന്ന ഉദ്യോഗസ്ഥരെ ഗുണ്ടകളെ വിട്ടു ആക്രമിക്കുന്നു. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന സബ്കലക്ടര്‍മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്നു. മൂന്നാറിലെ പരിസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണറും ഇതുപോലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. സുപ്രിംകോടതിയും അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് വിധി പറഞ്ഞിട്ടുണ്ട്. ഇതിനൊന്നും ചെവികൊടുക്കാതെ ഭൂമാഫിയകള്‍ക്ക് സര്‍ക്കാര്‍ കവചം തീര്‍ക്കരുത്. ഭരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം സമാപിച്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തന്നെ കുറ്റപ്പെടുത്തുമ്പോള്‍ എസ്. രാജേന്ദ്രനെപ്പോലുള്ള എം.എല്‍.എമാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി തന്നെ മുന്‍കൈ എടുക്കുകയാണു വേണ്ടത്.
പാവങ്ങളുടെയും സാധാരണക്കാരുടെയും പേരില്‍ തുണ്ടുഭൂമികള്‍ കൈയേറി അത് വന്‍ വിലയ്ക്ക് ഭൂമാഫിയകള്‍ക്ക് മറിച്ചുവില്‍ക്കുന്ന രാഷ്ട്രീയക്കാരെ ന്യായീകരിക്കാനാണ് ഇനിയും സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അതീവലോല പരിസ്ഥിതി പ്രദേശമായ മൂന്നാറിന്റെ ആവാസവ്യവസ്ഥ തകിടം മറിയുന്ന കാലം വിദൂരമല്ല. മരുപ്പറമ്പായി തീരുന്ന മൂന്നാറിലെ വിജനതയില്‍ അവശേഷിക്കുക കുറേ റിസോര്‍ട്ട് കെട്ടിടങ്ങളും ക്വാറികളും മാത്രമായിരിക്കും. രാഷ്ട്രീയക്കാരുടെ കൈയേറ്റത്തെ തുടര്‍ന്ന് ഇല്ലാതായിപ്പോയ ഒരു പ്രദേശത്തിന്റെ സ്മാരകമാവുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."