HOME
DETAILS

നാളെയുടെ വാഗ്ദാനങ്ങളേ, നന്മയുടെ വക്താക്കളാവുക!

  
backup
May 30 2018 | 22:05 PM

news-school-days-come-spm-today-artilcles

പുതിയ വിദ്യാലയവര്‍ഷത്തിന് നാളെ തുടക്കം കുറിക്കുകയാണ്. ആഹ്ലാദിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട് ഇക്കുറി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള പുത്തനുണര്‍വും കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാവുന്നതും തീര്‍ച്ചയായും മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്. അരലക്ഷത്തോളം ക്ലാസ് മുറികള്‍ ഹൈ-ടെക് ആക്കിയും പുതിയ കെട്ടിടങ്ങള്‍ പണിത് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയും താഴെതട്ടിലുള്ളവര്‍ക്ക് കൂടി മെച്ചപ്പെട്ട പഠനം ലഭ്യമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മറ്റു മേഖലയില്‍ നിന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഇത്തവണ അവരുടെ എണ്ണം കൂടാനാണ് സാധ്യത. ടാലന്റ് ലാബുകള്‍, ജൈവ വൈവിധ്യ പാര്‍ക്കുകള്‍, ഗ്രീന്‍ പ്രോട്ടോകോള്‍, ജൈവ പച്ചക്കറിത്തോട്ടം, സൗജന്യ പാഠപുസ്തക-യൂനിഫോം വിതരണം, സ്റ്റുഡന്റ് പൊലിസ് തുടങ്ങിയവയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയിരിക്കയാണ് നമ്മുടെ വിദ്യാലയങ്ങള്‍. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 35 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ഈ വര്‍ഷം ആരംഭിക്കുകയാണ്. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സ്‌കൂള്‍ വാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) തുടങ്ങുന്നതും ഈ വര്‍ഷം മുതലാണ്. സംസ്ഥാനത്ത് 27,839 സ്‌കൂള്‍ വാഹനങ്ങളാണുള്ളത്. കുട്ടികളുടെ യാത്രാസംബന്ധമായി ഒട്ടേറെ പരാതികളാണ് ഉയര്‍ന്നുവരാറുള്ളത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ രക്ഷിതാക്കളും ഇതുസംബന്ധിച്ച് ഉല്‍ക്കണ്ഠാകുലരാണ്. ജി.പി.എസ് നടപ്പിലാക്കുന്നതിലൂടെ ഇവ്വിഷയത്തില്‍ ഒരു പരിധിവരെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂം, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവയ്ക്കു പുറമേ ഇനി സ്‌കൂള്‍ അധികൃതര്‍ക്കും വാഹനയാത്ര നിരീക്ഷിക്കാനാവും. അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, വാഹനത്തിലെ പീഡനം എന്നിവ തടയാനും ഇതുവഴി സാധിക്കും. ഇതിനായി എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലും സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ജി.പി.എസിലെ സ്വയം നിയന്ത്രിത സംവിധാനം വാഹനമെത്തിയ സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി പാനിക് ബട്ടന്‍ സംവിധാനവും വാഹനങ്ങളിലുണ്ടാവും.


പാഠപുസ്തകങ്ങള്‍ യഥാസമയം എത്തിക്കുക എന്നത് വിദ്യാഭ്യാസ വകുപ്പിന് എന്നും കീറാമുട്ടിയായിരുന്നു. ഓണപരീക്ഷ കഴിഞ്ഞാലും പാഠപുസ്തകങ്ങള്‍ കിട്ടാത്ത അവസ്ഥയായിരുന്നു ഇതുവരെ. ഇത്തവണ സ്‌കൂള്‍ തുറക്കുംമുമ്പെ പുസ്തകങ്ങള്‍ ലഭ്യമാക്കി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. എന്നാല്‍, വിദ്യാലയാന്തരീക്ഷം പ്രശ്‌നരഹിതമാണ് എന്നൊന്നും ഇപ്പറഞ്ഞതിനര്‍ഥമില്ല. ചില പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായി ഇപ്പോഴും തുടരുകയാണ്. സ്‌കൂള്‍ പരിസരങ്ങളിലെ മദ്യം, മയക്കുമരുന്നു ലഭ്യതയാണ് അവയില്‍ പ്രധാനം. പൊലിസ് നടപടിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തകൃതിയായി തുടരുമ്പോള്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും വശംവദരാവുന്ന കൗമാരക്കാരുടെ എണ്ണം കൂടുകയാണ്. മുമ്പൊക്കെ ആണ്‍കുട്ടികളില്‍ മാത്രമായിരുന്നു ഈ പ്രവണത കണ്ടിരുന്നതെങ്കില്‍ ഇന്ന് പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ പിറകിലല്ല. ഇതുവഴി ലൈംഗിക ചൂഷണത്തിനിരയാവുന്നവരുടെ എണ്ണവും കൂടുകയാണ്. അധ്യയനത്തിനും അച്ചടക്കത്തിനും പേരുകേട്ട വിദ്യാലയങ്ങളില്‍ പോലും ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. കുട്ടികളുടേയും വിദ്യാലയങ്ങളുടേയും ഭാവിയെ കരുതി പൊലിസും മാധ്യമങ്ങളും വാര്‍ത്തകള്‍ പുറത്തുവിടാത്തതിനാല്‍ ശരിയായ ചിത്രം ജനങ്ങള്‍ കാണുന്നില്ലെന്നേയുള്ളൂ. പക്ഷെ എത്രകാലം ഇരുട്ടുകൊണ്ടു ഓട്ടയടയ്ക്കാനാവും.


കുട്ടികളുടെ വഴിമാറി നടത്തത്തിന് ഗാര്‍ഹികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളുണ്ടാവും. സാമ്പത്തികവും സാംസ്‌കാരികവുമായ ഘടകങ്ങളുമുണ്ടായിരിക്കും. വിവേകത്തേക്കാളേറെ വികാരം കൈപിടിച്ചു നടത്തുന്ന കുരുന്നു പ്രായത്തില്‍, അവരെ അയച്ചുവിടാതെ ചേര്‍ത്തുപിടിക്കുകയാണ് മുതിര്‍ന്നവര്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും വലിയ പങ്കുണ്ട്. എല്ലാ നിലയ്ക്കും വിദ്യാര്‍ഥിയിലെ അന്ധകാരം നീക്കുന്നവനാവണം ഗുരുനാഥന്‍. മികച്ച വിദ്യാര്‍ഥികളെ കിട്ടുക എന്നത് അധ്യാപകന്റെ ഭാഗ്യമാണ്. എന്നാല്‍, മികച്ച അധ്യാപകനെ ലഭിക്കുക എന്നത് വിദ്യാര്‍ഥികളുടെ അവകാശമാണ്. വിദ്യാര്‍ഥികളുടെ ഈ അവകാശത്തെ അധ്യാപകര്‍ അറിഞ്ഞിരിക്കണം. അതേസമയം അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്ന അധ്യാപകനോടുള്ള സ്‌നേഹവും ആദരവും വിദ്യാര്‍ഥി മറന്നുപോവുകയുമരുത്. പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കലും യാത്രയയപ്പ് വേളയില്‍ അധ്യാപകന് റീത്ത് അര്‍പ്പിക്കുന്നതും ശരിയായ വഴിയല്ലെന്ന് അവര്‍ തിരിച്ചറിയണം. അറിവ് നേടുക മാത്രമല്ല വിദ്യാഭ്യാസം. മാനവികതയുടെ വൃദ്ധിയും വിശുദ്ധിയും കൂടി അത് ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് കൈകാര്യം ചെയ്യുന്ന രീതിയാണ് ജ്ഞാനിയേയും അജ്ഞാനിയേയും തമ്മില്‍ വേര്‍തിരിക്കുന്നത്. ജ്ഞാനം തേടുന്നവനും നേടുന്നവനുമാണ് വിദ്യാര്‍ഥി. ജ്ഞാനം നേടിയിട്ടും കര്‍മത്തില്‍ അജ്ഞാനിയായവനെ വിദ്യാസമ്പന്നന്‍ എന്നു എങ്ങനെ വിശേഷിപ്പിക്കാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  9 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  9 days ago
No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  9 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago