കിനാലൂരിലെ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
കിനാലൂര്‍: കിനാലൂര്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ എട്ടര കോടി രൂപ ഉപയോഗിച്ചാണ് 400 മീറ്റര്‍ ചുറ്റളവുള്ള ട്രാക്ക് നിര്‍മിക്കുന്നത്. ട്രാക്കില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിനും സൗകര്യമുണ്ട്. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ ഉഷ സ്‌കൂളിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ സ്ഥലത്താണ് ട്രാക്ക് നിര്‍മിക്കുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തമായതോടെ ട്രാക്കിന്റെ പണി മന്ദഗതിയിലായിരിക്കുകയാണ്. മഴ മാറിനിന്നാല്‍ മാത്രമേ അവസാനഘട്ട മിനുക്കുപണികള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്‌കൂള്‍ സെക്രട്ടറി പറഞ്ഞു.
സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടെ ദേശീയ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ഉഷ സ്‌കൂളിന് സാധിക്കുമെങ്കിലം ഡ്രസ്സിങ് റൂം, ബാത്ത്‌റൂം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തത് തടസമാകും. സംസ്ഥാന കായിക വകുപ്പിന്റെ ശ്രദ്ധയില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. സിന്തറ്റിക്ക് ട്രാക്ക് യാഥാര്‍ഥ്യമാകുമെങ്കിലും പവലിയന്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അത്യാവശ്യ സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കൂടുതല്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനും മറ്റും അവസരം ലഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."