കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കല്‍ : പുതുക്കാട് അങ്ങാടി ചെളികുണ്ടായി
പുതുക്കാട്: വടക്കെതൊറവ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡുകീറി പൈപ്പിടുന്നതുമൂലം പുതുക്കാട് അങ്ങാടിയിലെ പ്രധാന റോഡുകള്‍ ചെളികുണ്ടായി മാറി. കാല്‍നടയാത്രക്കുപോലും കഴിയാത്ത രീതിയില്‍ ചെളിനിറഞ്ഞ റോഡിലൂടെയാണ് ആളുകള്‍ ദുരിതയാത്ര നടത്തുന്നത്.
താലൂക്ക് ആശുപത്രി റോഡ്, ബസാര്‍ റോഡ്, പഴയ ആവില കോളജ് റോഡ് എന്നിവിടങ്ങളിലാണ് റോഡ് കീറി പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. കാലവര്‍ഷത്തിന് മുന്‍പ് പൈപ്പിടല്‍ പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ കാലതാമസം വരുത്തിയതാണ് പ്രശ്‌നത്തിന് കാരണം.
രണ്ട് ദിവസം മുന്‍പ് പൈപ്പ് സ്ഥാപിച്ചുവെങ്കിലും മഴ ശക്തമായതോടെ മണ്ണ് മൂടിയ ഭാഗത്ത് ചെളി നിറയുകയായിരുന്നു.
ഏറെ തിരക്കുള്ള റോഡിന്റെ കാല്‍ ഭാഗത്തോളം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൈപ്പിടാന്‍ കാനകീറിയിരുന്നത്. ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും ഒലിച്ചിറങ്ങിയ മഴവെള്ളം കാനമൂടിയ ഭാഗങ്ങളില്‍ കെട്ടികിടന്നതോടെ കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് പൂര്‍ണമായും ചെളി നിറഞ്ഞ നിലയിലാണ്.
റെയില്‍വേ സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നടന്നെത്തുന്ന ആളുകളുടെ വസ്ത്രങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് ചെളിതെറിക്കുന്നതും പതിവാണ്.
വേണ്ടതായ മുന്‍കരുതലൊന്നുമില്ലാതെ എടുത്ത കുഴിയില്‍ മഴവെള്ളം നിറഞ്ഞ് കിടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു.
പത്ത് കോടി ചിലവില്‍ നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
കുറുമാലി പുഴയിലെ പമ്പ് ഹൗസില്‍ നിന്നും വടക്കെതൊറവ് കുന്നിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുവാനുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്.
റോഡുകള്‍ വെട്ടിപൊളിച്ച് അശാസ്ത്രീയമായ രീതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം ചേര്‍ന്നു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വെട്ടിപൊളിച്ച റോഡ് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ഡി.സി.സി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍,പി.പി ചന്ദ്രന്‍, സിജു ആന്റെണി,ജോളി തോമസ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."