നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കരിങ്ങോള്‍ച്ചിറ പാലത്തിന് ഇന്ന് ജനകീയ ഉദ്ഘാടനം
മാള: കരാറുകാരന്റെ നിര്‍മാണ കാലാവധി കഴിഞ്ഞതോടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കരിങ്ങോള്‍ച്ചിറ പാലത്തിന് ഇന്ന് ജനകീയ ഉദ്ഘാടനം നടക്കും.
2010ല്‍ നിര്‍മാണം തുടങ്ങിയ കരിങ്ങോള്‍ചിറ പാലം അപ്രോച്ച് റോഡ് എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഇന്ന് ജനകീയ ഉദ്ഘാടനം നടക്കുന്നത് .
കാലപ്പഴക്കം ചെന്ന പഴയപാലം കോണ്‍ക്രീറ്റുകള്‍ തകര്‍ന്ന് കമ്പികള്‍ പുറത്തുകാണും വിധം തീര്‍ത്തും അപകടകരമായ അവസ്ഥയില്‍ ആയപ്പോള്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടുകോടി രൂപക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയ സ്ലൂയിസ് കം ബ്രിഡ്ജ് യഥാര്‍ഥത്തില്‍ നിര്‍മിക്കേണ്ടത് കേരള സംസ്ഥാന ജലസേചന വകുപ്പാണ്.
എന്നാല്‍ അതിന് വിരുദ്ധമായി നിര്‍മാണം ഏറ്റെടുത്ത പൊതുമരാമത്തുവകുപ്പിന്റെ തികച്ചും അശാസ്ത്രീയവും വിഢിത്തം നിറഞ്ഞതുമായ പാലത്തിന്റെ രൂപകല്‍പനയും പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള ഭൂമി വഖഫ് ബോര്‍ഡില്‍നിന്നും നിയമപരമായി അക്വയര്‍ ചെയ്യാത്തതും പാലത്തിന്റെ നിര്‍മാണം അവതാളത്തിലാക്കി.
തുടര്‍ന്ന് പാലം നിര്‍മാണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരങ്ങള്‍ക്കിടയില്‍ സ്ലൂയിസ്സ് സംവിധാനം ഇല്ലാതെയാണ് പാലം നിര്‍മിക്കുന്നതെന്ന സത്യം പൊതുമരാമത്ത് ഉദ്യോഗസ്ഥരില്‍ നിന്നും പുറത്തു വന്നെങ്കിലും 2018 ല്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ വിവരാവകാശ രേഖയില്‍ അംഗീകരിച്ച റിവേഴ്‌സ് എസ്റ്റിമേറ്റ് പ്രകാരം ചെയ്തുതീര്‍ക്കാനുള്ള 75ലക്ഷം രൂപയുടെ പ്രവര്‍ത്തികളില്‍ സ്ലൂയിസിന്റെ ഷട്ടര്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.
എന്നാല്‍ സ്ലൂയിസ് സംവിധാനം ഘടിപ്പിക്കാവുന്ന രീതിയിലല്ല പാലത്തിന്റെ നിര്‍മാണം.പാലം നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങളുടെ ഭാഗമായി സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പാലത്തിനുമുകളില്‍ 30 ദിവസത്തോളം നിരാഹാര സമരം നടത്തുകയും ഒടുവില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ കൗശികന്‍ ഐ.എ.എസ് ഇടപെട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ ആ ഉറപ്പും പാലിക്കപ്പെട്ടില്ല.
കേരള സംസ്ഥാന വഖഫ്‌ബോര്‍ഡ് സ്ഥലം വിട്ടുനല്‍കാന്‍ എതിര്‍പ്പില്ല എന്ന് രേഖാമൂലം അറിയിച്ചിട്ടും നടപടിക്രമങ്ങള്‍ വേണ്ടവിധം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ എട്ട് വര്‍ഷം മുന്‍പുള്ള പഴയ നിരക്കില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള കരാറുകാരന്റെ കാലാവധി ഇന്ന് ( 31-5-2018) തീരുകയാണ്. വെറും പത്തു ലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ബാക്കിനില്‍ക്കെ ഇനി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പുതിയ ടെന്‍ഡറും പുതിയ കരാറുകാരനും വേണ്ടിവരും.
അതിന് വീണ്ടും കാലതാമസം എടുക്കുകയും സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ ഗെയില്‍ പ്രൊജക്ടിന്റെ വാഹനമിടിച്ച് കൈവരികള്‍ തകര്‍ന്ന് കൂടുതല്‍ അപകടകരമായ പഴയ പാലത്തിലൂടെയുള്ള യാത്ര വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഭയത്തിലാണ് നാട്ടുകാര്‍.
ഈ സാഹചര്യത്തിലാണ് നിര്‍മാണം പൂര്‍ത്തീയാകാത്ത പുതിയ പാലത്തിന് ജനകീയ ഉദ്ഘാടനം നടത്തുന്നത്. ഇന്ന് രാവിലെ 9 30ന് നടക്കുന്ന ജനകീയ ഉദ്ഘാടനത്തില്‍ നാട്ടുകാരോടൊപ്പം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."