മിഠായിത്തെരുവ്: സുരക്ഷാ പരിശോധന നടത്തി പരിശോധന തടയാന്‍ ഒരു വിഭാഗം വ്യാപാരികളുടെ ശ്രമം
കോഴിക്കോട്: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്ത പരിശോധനാ സംഘം മിഠായിത്തെരുവില്‍ സുരക്ഷാ പരിശോധന നടത്തി. ഇതിനിടെ ഒരു വിഭാഗം വ്യാപാരികള്‍ പരിശോധന തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നേതൃത്വത്തിലാണ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥസംഘത്തെ തടയാനുള്ള ശ്രമം ഒരു മണിക്കൂറോളം മിഠായിത്തെരുവില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. ജില്ലാ കലക്ടര്‍ യു.വി ജോസ് പരിശോധനയ്ക്ക് തുടക്കം കുറിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നസിറുദ്ദീനും സംഘവും എത്തിയത്.
ഇതോടെ പരിശോധന തടസപ്പെടുത്തിയാല്‍ പോലിസിന് ബലം പ്രയോഗിക്കേണ്ടിവരുമെന്ന് ടൗണ്‍ സി.ഐ മനോജ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പരിശോധനയെ സ്വാഗതം ചെയ്തുകൊണ്ട് വലിയൊരു വിഭാഗം വ്യാപാരികള്‍ സ്ഥലത്തെത്തിയതോടെ നസിറുദ്ദീനും കൂട്ടരും പിന്‍വാങ്ങുകയായിരുന്നു.
മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കടകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച് അവസാനവട്ട പരിശോധനയാണ് ഇന്നലെ തുടങ്ങിയത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് വ്യാപാരികള്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി മാര്‍ച്ച് 25ന് അവസാനിച്ചിരുന്നു. സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമാണോയെന്ന പരിശോധനയാണ് ഇന്നലെ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയത്. റവന്യൂ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കോര്‍പറേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇലക്ട്രിസിറ്റി ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് സംയുക്തസംഘം. 60ഓളം കടകള്‍ ഇന്നലെ പരിശോധിച്ചു.
രാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."