പഞ്ചായത്തിന്റെ ഫണ്ടില്ലാതെ വാര്‍ഡില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി മെമ്പര്‍ കെ.എം ഹാരിസിന്റെ മാതൃക
ചങ്ങരംകുളം: പഞ്ചായത്തിലെ ഇടപെടലുകള്‍ക്കപ്പുറം തന്റെ വാര്‍ഡിലെ ഭവനരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കൈത്താങ്ങായ ഒരു മെമ്പറുണ്ട്. ആലങ്കോട് പഞ്ചായത്തിലെ 16ാം വാര്‍ഡ് ചിയാനൂര്‍ മെമ്പറായ കെ.എം ഹാരിസാണ് സ്വന്തം ചെലവില്‍ വാര്‍ഡില്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
16 വര്‍ഷത്തോളം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ഓട്ടോ തൊഴിലാളിയായി ജീവിച്ച ഹാരിസിന് മുസ്ലിം ലീഗിന്റെ ബൈത്തുറഹ്മ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. തനിക്ക് വീട് ലഭിക്കാന്‍ കാരണമായ ആ ആശയം തന്നെപ്പോലെ വീടില്ലാത്തവര്‍ക്കും വേണമെന്ന ബോധ്യമാണ്'സ്നേഹവീട് ' എന്ന പദ്ധതി. തന്റെ മെമ്പര്‍ ശമ്പളവും ഓട്ടോ ഓടിച്ച് കിട്ടുന്ന തുകയും നാട്ടിലെയും ഗള്‍ഫിലേയും സുഹൃത്തുക്കളുടെ സഹായവും ഒക്കെ ചേര്‍ത്ത് വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കികൊണ്ടാണ് ഹാരിസിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം. തുടര്‍ന്ന് തന്റെ വാര്‍ഡിലെ പിതാവ് നഷ്ടപ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും മാസം 500 രൂപ ക്ഷേമ പെന്ഷന് പദ്ധതിയും നടപ്പിലാക്കി.
കൂടാതെ ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം എന്ന പദ്ധതിയിലൂടെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കല്‍, ഓണത്തിനും പെരുന്നാളിനും പുത്തനുടുപ്പ്, ഭക്ഷണക്കിറ്റ് വിതരണം, കുടിവെള്ളമില്ലാത്തവര്‍ക്ക് വെള്ളമെത്തിക്കല്‍, റോഡില്ലാത്ത കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഫണ്ടില്ലാതെ റോഡ് നിര്‍മാണം, പാവപ്പെട്ട യുവതികളുടെ കല്യാണത്തിന് ധനസഹായം തുടങ്ങി നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹാരിസ് നടത്തുന്നത്. സ്നേഹവീട് പദ്ധതിയില്‍ രണ്ടാമത്തെ വീടിന്റെ നിര്‍മാണം നടക്കുകയാണ്. ഹാരിസിന്റെ മാതൃകാ പ്രവര്‍ത്തനം കണ്ട് ഈ വീടിന്റെ നിര്‍മാണ ചിലവിലേക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ 'പെരുന്നാളിന് ഒരു പുത്തനുടുപ്പ്'എന്ന പരിപാടി നാളെ നടത്താനിരിക്കുകയാണ്. യൂത്ത് ലീഗിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഹാരിസ് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനമടക്കം നിരവധി നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസുകളുടെ സഹായവും ഹാരിസ് തേടുന്നുണ്ട് : 8606805980
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."