കാഴ്ച്ചയുടെ വേദിയില്‍ കാമറയുമായി മുഖ്യമന്ത്രി; രാജ്യാന്തര വാര്‍ത്താ ചിത്രമേളയ്ക്ക് തുടക്കം
കൊല്ലം: വാര്‍ത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി ഒന്നാം രാജ്യാന്തര വാര്‍ത്താ ചിത്രമേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസിന് മേളയുടെ ഉദ്ഘാടനച്ചടങ്ങും വേറിട്ട കാഴ്ച്ചയായി.
വിഖ്യത ഫോട്ടോ ജേര്‍ണലിസ്റ്റുകളായ രഘുറായിയെയും ബേണ്‍സ് ബ്യൂവര്‍മാനെയും കാമറയില്‍ പകര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയതത്. മുഖ്യമന്ത്രിക്ക് കാമറ ക്ലിക്കിലൂടെ രഘുറായിയുടെയും ബേണ്‍സിന്റെയും അഭിവാദനം. അപൂര്‍വ്വ നിമിഷം കാമറയില്‍ പകര്‍ത്തി ന്യൂസ് ഫോട്ടോഗ്രാഫര്‍മരുടെ ഫ്‌ളാഷുകള്‍ മിന്നി.
എന്തു കാണണമെന്നും എങ്ങനെ കാണമണമെന്നും തീരുമാനിക്കുന്ന ഫോട്ടോഗ്രാഫിക്കും രാഷ്ട്രീയമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കഴിവും അറിവും സാമൂഹ്യബോധവും നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കാരണമായിത്തീരുന്നു. അങ്ങനെയുള്ള ഫോട്ടോഗ്രാഫര്‍മാരില്‍നിന്നാണ് എന്നും കാലം കാത്തുസൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ളത്.
ഫോട്ടോഗ്രാഫി വളരെ ജനകീയമായ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവര്‍ക്കും മികവോടെ ചെയ്യാനാകുന്ന തൊഴിലല്ല ഇതെന്ന് മനസിലാക്കുന്നതിനുള്ള അവസരമാണ് ഈ പ്രദര്‍ശനത്തിലൂടെ മീഡിയ അക്കാദമി ഒരുക്കിയിരിക്കുന്നത്. പ്രതിഭകളുടെ ചിത്രങ്ങളുടെ മികവാണ് ഇവിടെ വ്യക്തമാകുന്നത്.
ഒരു ദൃശ്യം ഫോട്ടോഗ്രാഫര്‍ സ്വന്തം കണ്ണിലൂടെയാണ് ആദ്യം കാണുന്നത്. അതോടൊപ്പം കാമറക്കണ്ണിലൂടെ പകര്‍ത്തുന്നു. എത്ര നല്ല കാമറയുണ്ടായാലും നല്ല ഫോട്ടോ കിട്ടണമെന്നില്ല. ഫോട്ടോഗ്രാഫറുടെ മനസിന്റെ കണ്ണ് ഏറ്റവും പ്രധാനമായ ഘടകമാണ്അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. വിഖ്യാത ഫോട്ടോ ജേര്‍ണലിസ്റ്റ് രഘുറായ്, ബേണ്‍സ് ബ്യൂവര്‍മാന്‍ ആര്‍. രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മേയര്‍ വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എല്‍.എഎന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. മലയാള മനോമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ആദരിക്കപ്പെട്ടവരെ പരിചയപ്പെടുത്തി. മുന്‍ എം.പി. കെ.എന്‍ ബാലഗോപാല്‍, മുന്‍ എം.എല്‍.എ എ യൂനുസ് കുഞ്ഞ്, പി.ആര്‍. ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത, പ്രസ്‌ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ് എന്നിവര്‍ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."