ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിക്ക് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമാകുന്നു
ഏറ്റുമാനൂര്‍: തരിശു ഭൂമി രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിക്കും കാര്‍ഷിക അനുബന്ധ മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയുള്ള 2017 - 2018 വര്‍ഷത്തെ ബഡ്ജറ്റ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പാസാക്കി.
ഇതിലേക്ക് തൊഴിലുറപ്പ് പദ്ധതിക്കു മാത്രമായി 50 ലക്ഷം രൂപ വകയിരുത്തി. ഗ്രാമീണജനങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സാന്നിദ്ധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ 11,56,23,260 രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്കിനു കീഴിലുള്ള ആറ് പഞ്ചായത്തിന്റെയും വികസനം മുന്നില്‍ കണ്ട് 22,65,18,760 രൂപാ വരവും 21,73,60,210 രൂപാ ചെലവും 91,58,550 രൂപാ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണുമായ ലളിതാ സുജാതന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി.മൈക്കിള്‍ അദ്ധ്യക്ഷനായിരുന്നു.
കുമരകം സി.എച്ച്.സിയെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിന് 5 വര്‍ഷങ്ങളിലായി 1.50 കോടി രൂപാ നീക്കിവെച്ചിട്ടുണ്ട്. ഈ വര്‍ഷം 30 ലക്ഷം രൂപാ ചെലവിടും. കുടിവെള്ള പദ്ധതികള്‍ക്ക് 50 ലക്ഷവും ശിശുക്കള്‍, വൃദ്ധര്‍, വികലാംഗര്‍ എന്നിവരുടെ ക്ഷേമത്തിന് 20 ലക്ഷവും വനിതാ ക്ഷേമത്തിന് 10 ലക്ഷവും വക കൊള്ളിച്ചിട്ടുണ്ട്.
ഗ്രോബാഗ് പ്രോജക്ടിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബയോ ഫാര്‍മസി ആരംഭിക്കുന്നതിനും പുരുഷ സ്വാശ്രയ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ ഉന്നമനത്തിനും ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
അതിരമ്പുഴ പെണ്ണാര്‍ തോട്ടിലെ പോള വാരി ജലഗതാഗതം പുനസ്ഥാപിക്കുന്നതിന് 2.05 ലക്ഷം രൂപാ വകയിരുത്തി. മൂവാറ്റുപുഴ ജലസേചനപദ്ധതിയുടെ ഭാഗമായി പെണ്ണാര്‍ തോട് സംരക്ഷണം എന്ന പദ്ധതിക്ക് നബാര്‍ഡില്‍ നിന്നും 10 ലക്ഷം രൂപാ പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ പറയുന്നു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതങ്ങള്‍ ഉള്‍പ്പെടെ ഭവന നിര്‍മാണ മേഖലയ്ക്ക് 1,45,20,000 രൂപാ നീക്കിവെച്ചിട്ടുണ്ട്. ടി.കെ.ശിവശങ്കരന്‍, മിനി കുഞ്ഞുമോന്‍, ബീനാ ബിനു, മോളി ലൂയിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."