സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് സഹകരണ നിക്ഷേപം വിനിയോഗിക്കും: മന്ത്രി
കോട്ടയം: സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനു സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപം ക്രീയാത്മകമായി വിനിയോഗിക്കുമെന്നു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മണ്ണ്- വെള്ളം പരിശോധന ലാബിന്റേയും ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകരുടെയും സഹകരണ ബാങ്കുകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നിക്ഷേപങ്ങള്‍ വിനിയോഗിച്ചുളള വികസന കര്‍മ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്ക് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മേലുകാവ് സി.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗൗതം കൃഷ്ണയെ ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍ ആദരിച്ചു. രാമപുരത്ത് ആരംഭിക്കുന്ന മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണിയും പാരമ്പര്യ സൗജന്യ വിഷ ചികിത്സ വിദഗ്ദ്ധരായ ശ്രീധരന്‍ നായര്‍, അനുരാഗ് എന്നിവരെ അഡ്വ.ടോമി കല്ലാനിയും മികച്ച കര്‍ഷകനായ എം.പി ജോര്‍ജ്ജിനെ വി.ജി വിജയകുമാറും വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം തെളിയിച്ച തൊഴിലാളി ബാബു അഗസ്റ്റിനെ ബാബു കെ ജോര്‍ജ്ജും ആദരിച്ചു.
ബാങ്ക് ജീവനക്കാരുടെ കുട്ടികള്‍ക്കുളള ഉപരിപഠന സഹായം, ബാങ്ക് അംഗങ്ങളുടെ ആശ്രിതര്‍ക്ക് വിദേശ തൊഴില്‍ നേടാന്‍ വായ്പ എന്നിവ പി.റ്റി. നിര്‍മലും ബാങ്ക് നടപ്പാക്കുന്ന റബറിന് പകരം പ്ലാവ് പദ്ധതി പ്രകാരമുളള ഗുണമേന്മയുളള പ്ലാവിന്‍ തൈകള്‍ ജോയിന്റ് രജിസ്ട്രാര്‍ എം ബിനോയി കുമാറും പാല മുനിസിപ്പല്‍ പ്രദേശത്തെ ഗവ. ആശുപത്രികളിലെ കിടപ്പു രോഗികള്‍ക്കുളള പുതപ്പുകള്‍ ജോയിന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്) കെ.വി. തോമസും വിതരണം ചെയ്തു.
പുറമ്പോക്കില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം ചടങ്ങില്‍ നല്‍കി. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ് ശശിധരന്‍ നായര്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ആര്‍.എസ് മണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."