ഉയരാതെ വിമാനങ്ങള്‍: ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാന്‍ സാധിക്കാതെ വിതുമ്പി പ്രവാസി കുടുംബങ്ങള്‍
ജിദ്ദ: കൊവിഡ് 19 ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ അടച്ച് സുരക്ഷയൊരുക്കുകയാണ് രാജ്യങ്ങള്‍. കപ്പലുകള്‍ കരയ്ക്കടുപ്പിക്കാതെ കടലില്‍ തന്നെ നങ്കൂരമിട്ടിരിക്കുന്നു. പറന്നു പൊങ്ങാതെ വിമാനങ്ങള്‍ വിശ്രമിക്കുന്നു.
ഇന്ത്യയിലേക്കുള്ള യാത്രാമാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ പിറന്ന മണ്ണില്‍ അന്ത്യനിദ്രയ്ക്കായി സമയം കാത്തുകിടക്കുകയാണ് പ്രവാസികളുടെ ഭൗതിക ശരീരങ്ങള്‍.
ഉറ്റവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണാന്‍ കഴിയാതെ കണ്ണീരുമായി വീട്ടുകാരും കാത്തിരിപ്പാണ്.
വൈറസ് വ്യാപനം കാരണം സഊദി, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലായി നിരവധി മൃതദേഹങ്ങളാണുള്ളത്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ചില കുടുംബാഗങ്ങള്‍ മനസില്ലാ മനസോടെ ഇവിടെ തന്നെ ഖബറടക്കാനും അനുവാദം നല്‍കുന്നുണ്ട്.
സാധാരണഗതിയില്‍ ആശുപത്രികളില്‍ വച്ചുണ്ടാവുന്ന സ്വാഭാവിക മരണങ്ങളാണെങ്കില്‍ അന്നു തന്നെയോ അടുത്ത ദിവസമോ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാറുണ്ട്.
എന്നാല്‍ അസ്വാഭാവിക മരണങ്ങളോ അപകടങ്ങളോ ആണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടും.
നിലവില്‍ ഏഴ് ഇന്ത്യക്കാരുടെയും ഒരു നേപ്പാള്‍ സ്വദേശിയുടേയും മൃതദേഹങ്ങള്‍ ദുബായ്, ഷാര്‍ജ, സഊദി, ഖത്തര്‍ എന്നിവടങ്ങളിലെ വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ (നാല്), തമിഴ്‌വംശജര്‍ (രണ്ട്), ബംഗാള്‍ സ്വദേശി, നേപ്പാള്‍ സ്വദേശി എന്നിങ്ങനെയാണ് കണക്കുകള്‍.
ഫിലിപ്പീന്‍സ്, ചൈന, പാക്കിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരുടേയും നിരവധി മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലാണ്.
കുടുംബാഗങ്ങളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പ്രവാസികളും റൂമുകളില്‍ കഴിയുകയാണ്. ഒമാനില്‍ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശി തന്റെ പിഞ്ചു മകന്റെ മൃതദേഹം അവസാനമായി കാണാന്‍ നാട്ടിലെത്താന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കരഞ്ഞു പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."