അമ്പാട്ടിയില്‍ വിജയം: മേഘാലയയില്‍ ഏറ്റവും ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ്
ഷില്ലോങ്: അമ്പാട്ടി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മേഘാലയയില്‍ ഏറ്റവും ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ രാജിവച്ചതോടെയാണ് അമ്പാട്ടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. സോങ്സാക്കിലും വിജയിച്ചതിനെ തുടര്‍ന്നാണ് മുകുല്‍ സാങ്മ അമ്പാട്ടിയില്‍ രാജിവച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ശിറ 3191 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ നാഷനല്‍ പീപ്പിള്പാര്ട്ടി(എന്‍.പി.പി) സ്ഥാനാര്‍ഥി ക്ലമന്റ് ജി മോമിനെ പരാജയപ്പെടുത്തിയത്.
ക്ലമന്റ് ജി മോമിന് 11,069 വോട്ടുകള്‍ നേടിയപ്പോള്‍ മിയാനി ഡി ശിറ 14,259 വോട്ടുകള്‍ നേടി. മെയ് 27 ന് നടന്ന തെരഞ്ഞെടുപ്പില്‍ 90.42 ശതമാനം പോളിങ്ങാണ് ഇവിടെ നടന്നത്. മേഘാലയയിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 21 പ്രതിനിധികളുണ്ട്. ബി.ജെ.പി, പിന്തുണയോടെ എന്‍.പി.പിയാണ് മേഘാലയ ഭരിക്കുന്നത്. ബി.ജെ.പിക്ക് 20 എം.എല്‍.എമാരാണുള്ളത്.
കര്‍ണാടകയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വജുഭായി വാല ക്ഷണിച്ചത് പോലെ മേഘാലയയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 21 എം.എല്‍.എമാരുമായി ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയായിരുന്നു.രണ്ട് മണ്ഡലത്തില്‍ മുകുള്‍ സാങ്മ മത്സരിച്ചതിനെ തുടര്‍ന്ന് അമ്പാട്ടി മണ്ഡലത്തില്‍ ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."