അഖിലേഷും മുലായവും ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു
ലഖ്നൗ: ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പിതാവ് മുലായംസിങ് യാദവും ബംഗ്ലാവ് ഒഴിഞ്ഞു. ലഖ്നൗവില്‍ തങ്ങള്‍ക്ക് താമസിക്കാന്‍ സ്ഥലമില്ലെന്നും നിങ്ങള്‍ ഒരു സ്ഥലം കണ്ടെത്തിത്തരണമെന്നും അഖിലേഷ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തങ്ങള്‍ മാറാന്‍ തയാറാണെന്നും എന്നാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമായിരുന്നു അന്ന് അഖിലേഷ് പറഞ്ഞത്. രണ്ട് വര്‍ഷത്തെ സമയം ആവശ്യപ്പെട്ട് ഇരുവരും സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബംഗ്ലാവ് ഒഴിഞ്ഞിരിക്കുന്നത്.
എന്നാല്‍ ഒരു ദിവസം മുന്‍പ് ബി.എസ്.പി നേതാവ് മായാവതി ബംഗ്ലാവ് ഒഴിഞ്ഞുകൊടുത്തിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവിനു പുറമെ മായാവതി ഉപയോഗിക്കുന്ന മറ്റൊരു ഔദ്യോഗിക ബംഗ്ലാവ് കൂടി ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനു മുന്നില്‍ ബി.എസ്.പി സ്ഥാപക നേതാവ് കാന്‍ഷിറാം സ്മാരകമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. മായാവതി, അഖിലേഷ് യാദവ് എന്നിവരെ കൂടാതെ മറ്റ് നാല് മുന്മന്ത്രിമാര്ക്കുമാണ് സുപ്രിംകോടതി നിര്‍ദേശപ്രകാരം യു.പി സര്‍ക്കാര്‍ നോട്ടിസയച്ചത്. 15 ദിവസത്തിനുള്ളില്‍ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."