ബ്രെക്‌സിറ്റ് നടപടികള്‍ക്ക് തുടക്കം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന് കത്ത് കൈമാറി
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തേക്കുപോകുന്ന ബ്രിട്ടന്റെ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കം. ബ്രെക്‌സിറ്റിന് തയാറാണെന്ന് കാണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഒപ്പുവച്ച ഔദ്യോഗിക കത്ത് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിന് കൈമാറിയതോടെയാണ് ചരിത്രപരമായ നടപടികള്‍ക്കു തുടക്കമായത്. ലിസ്ബണ്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഇ.യുവുമായുള്ള 40 വര്‍ഷത്തെ ബന്ധത്തിനാണ് ബ്രിട്ടന്‍ വിരാമമിടുക.
തെരേസാ മേ ഒപ്പുവച്ച ആറുപേജുള്ള ഔദ്യോഗിക കത്ത് ബ്രിട്ടന്റെ ഇ.യു പ്രതിനിധി സര്‍ ടിം ബാരോ ആണ് ബ്രസല്‍സിലെ യൂനിയന്‍ ആസ്ഥാനത്ത് വച്ച് ടസ്‌കിനു കൈമാറിയത്. ഇതിനോട് വൈകാരികമായാണ് ഇ.യു തലവന്‍ പ്രതികരിച്ചത്. തുടര്‍ന്ന്, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിച്ചതായി ടസ്‌ക് ട്വീറ്റ് ചെയ്തു. ഈ സമയത്ത് തന്നെ ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടതായി തെരേസാ മേ ബ്രിട്ടീഷ് അധോസഭയെയും അറിയിച്ചു.
''ഇത് ചരിത്രപരമായ നിമിഷമാണ്. ബ്രിട്ടീഷ് ജനതയുടെ തീരുമാനപ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുകയാണ്. ഇനി തിരിച്ചുപോക്കില്ല. ആര്‍ട്ടികിള്‍ 50 നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്-മേ പാര്‍ലമെന്റില്‍ പറഞ്ഞു.
ഈ നിമിഷം മുതല്‍ ബ്രിട്ടന്‍ പുതിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്. യൂറോപ്പിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വ്യാപിക്കുന്ന കൂടുതല്‍ ശക്തവും ഐക്യപൂര്‍ണവും സുരക്ഷിതവും സുഭിക്ഷവും സഹിഷ്ണുത നിറഞ്ഞതുമായ ഒരു രാജ്യമാകും ബ്രിട്ടനെന്ന് കണ്‍സര്‍വേറ്റിവ് പ്രതിനിധികളുടെ നിറഞ്ഞ ഹര്‍ഷാരവത്തിനിടെ തെരേസാ മേ പ്രഖ്യാപിച്ചു.
ഇ.യുവില്‍നിന്ന് പിന്‍വാങ്ങാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം ഭീതിതമാണ്. രാജ്യത്തെ താഴ്ന്ന ശമ്പളമുള്ള സമ്പദ്‌രംഗവും ബഹുരാഷ്ട്ര കുത്തകളുടെ ടാക്‌സ് സ്വര്‍ഗവുമാക്കാനാണ് കണ്‍സര്‍വേറ്റിവുകളുടെ ശ്രമം. ഇതിന് തങ്ങള്‍ സമ്മതിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു.
2016 ജൂണ്‍ 23നാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന ബ്രിട്ടനില്‍ നടന്നത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച വിധിയാണ് ജനഹിതത്തിന്റെ ഫല പ്രഖ്യാപനത്തിലൂടെ പുറത്തുവന്നത്. ആകെ 72 ശതമാനം പോളിങ് നടന്നതില്‍ 51.9 ശതമാനം വോട്ടര്‍മാര്‍ ബ്രിട്ടന്‍ വിടുന്നതിനെ അനുകൂലിക്കുകയായിരുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള ഭൂരിപക്ഷവും ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളും ഇ.യുവില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു.
ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലും ബ്രിട്ടീഷ് ഓവര്‍സീസ് പ്രദേശമായ ജിബ്രാള്‍ട്ടറിലും ഭൂരിപക്ഷവും യൂനിയില്‍ തുടരുന്നതിന് അനുകൂലമായിരുന്നു. 1973ല്‍ യൂനിയനില്‍ ചേര്‍ന്ന ബ്രിട്ടന്‍ ആര്‍ട്ടികിള്‍ 50 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ 2019 മാര്‍ച്ച് 31 ഓടെ പൂര്‍ണമായും യൂറോപ്യന്‍ യൂനിയന്റെ ഭാഗമല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."