ചെല്ലാനത്ത് കടല്‍ഭിത്തിയുടെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചു
പള്ളുരുത്തി: ചെല്ലാനത്ത് കടല്‍ഭിത്തികളുടെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചു. ഓഖി ദുരന്ത നാളുകളില്‍ ശക്തമായ തിരയടിയേറ്റ് ചെല്ലാനം മേഖലയില്‍ പലയിടങ്ങളിലായി കടല്‍ഭിത്തി തകര്‍ന്നിരുന്നു.
ഈ മേഖലകളിലൂടെയാണ് കഴിഞ്ഞ ദിവസത്തെ കടല്‍ക്ഷോഭത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറി വീടുകളും റോഡും വെള്ളത്തില്‍ മുങ്ങിയത്. കടല്‍ഭിത്തി നിര്‍മിക്കുന്നതിന് നിശ്ചിത അളവുള്ള കരിങ്കല്ലുകളാണ് ഉപയോഗിക്കേണ്ടത്.
എന്നാല്‍ ജോലി ഏറ്റെടുത്ത കരാറുകാര്‍ വലിയ കല്ലുകള്‍ക്കൊപ്പം ചെറിയ കല്ലുകള്‍ ഇട്ടതിനെ തുടര്‍ന്ന് ശക്തമായ തിരയടിയില്‍ ഈ ചെറിയ കല്ലുകള്‍ ഇളകിപോകുകയും കടല്‍ഭിത്തി ഇടിയുകയുമാണ് ചെയ്തതെന്നാണ് തീരവാസികള്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ ഇടിഞ്ഞ കടല്‍ഭിത്തികള്‍ ആദ്യം ശരിയാക്കിയതിനു ശേഷമായിരിക്കും ജിയോ ടെക്‌സ്‌റ്റൈല്‍ റ്റിയൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ജൂണ്‍ അവസാന വാരത്തോടെ ആരംഭിക്കുക. ജില്ലാ കലക്ടര്‍ സമരസമിതി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പനുസരിച്ച് വിജയം കനാല്‍, ചെറുതോടുകള്‍, കാനകള്‍ എന്നിവയുടെ ശുചീകരണവും നടക്കുന്നുണ്ട്. തീരദേശ സുരക്ഷക്ക് കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡ് വരെയുള്ള തീരവാസികള്‍ ഹര്‍ത്താലും ഉപരോധസമരവും നടത്തിയിരുന്നു.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടല്‍ഭിത്തി ബലപെടുത്തല്‍ തോടുകളുടെ ശുചീകരണം എന്നിവ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."