പാടില്ല, ഈ ശ്രദ്ധക്കുറവ്!
മുംബൈ: രാജ്യത്തു കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൈറസ് ബാധയേറ്റുള്ള മരണവും കൂടുന്നു. എന്നാല്‍, ഇവയൊക്കെ വിദേശത്തു നിത്തെത്തിയവര്‍ക്കോ, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കോ ആണ്.
രാജ്യത്ത് കൊവിഡിന്റെ സാമൂഹികവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, ഈ സങ്കീര്‍ണ സാഹചര്യത്തിലും രോഗവ്യാപനത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ പ്രശ്‌നം വഷളാക്കുകയാണ്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രിയും ആരോഗ്യരംഗത്തെ ഉന്നതരുമടക്കം ഒരു സോഷ്യല്‍ ഡിസ്റ്റന്‍സും പാലിക്കാതെയാണ് നിന്നത്. തമിഴ്‌നാട്ടിലെ ഡയരക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വിസ് കോംപ്ലക്‌സിലെ കൊറോണ കണ്‍ട്രോള്‍ റൂമിനു സമീപമായിരുന്നു ഈ വാര്‍ത്താസമ്മേളനം.
കഴിഞ്ഞ ദിവസം, മധ്യപ്രദേശില്‍ കമല്‍മനാഥിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തമിഴ്‌നാട്ടിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രധാനമന്ത്രിക്കടക്കം സോഷ്യല്‍ ഡിസ്റ്റന്‍സിങ് ബാധകമാണെന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ദിവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ പൊതുപരിപാടി നടന്നതും വിവാദമായിരുന്നു.
രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, ഇതരസംസ്ഥാന, ദൂരദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കാല്‍നടയായി വീടുകളിലേക്കു തിരികെപ്പോകുന്നതും ഇതിനകം അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.
അതിനിടെ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം രാമായണം, മഹാഭാരതം എന്നിവ വീണ്ടും ടെലികാസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ, വീട്ടിലിരുന്ന് അതു കാണുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കടുത്ത വിമര്‍ശനങ്ങളെയും ട്രോളുകളെയും തുടര്‍ന്ന് പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.
രാജ്യത്തെ ജനങ്ങളില്‍ പലരും തെരുവിലാണെന്നും പ്രശ്‌നത്തിലാണെന്നും ഉണര്‍ത്തിയുള്ള നിരന്തര വിമര്‍ശനങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."