കൊവിഡില്‍ തകരുന്ന ടൂറിസം, വിമാന മേഖലകള്‍
ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ 'വേള്‍ഡ് ഡിസ്‌നി' കൊവിഡ് ഭീതി മൂലം അടച്ചുപൂട്ടി. കാലിഫോര്‍ണിയയിലെയും ഫ്‌ളോറിഡയിലെയും ഡിസ്‌നിയില്‍ കൊവിഡ് - 19 താഴിട്ടു. അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലെയും വിവിധങ്ങളായ വിനോദാലയങ്ങള്‍ അടച്ചതിനാല്‍ സഞ്ചാരികള്‍ ഒട്ടും ഇല്ലാതായി. യൂറോപ്പിലെയും ചൈനയിലെയും പല ഹോട്ടലുകളും ആശുപത്രികളായി മാറ്റിത്തുടങ്ങി. സ്പയിനിലെയും ഇറ്റലിയിലെയും ആശുപത്രികളുടെ ഇടനാഴികള്‍ ഐ.സി.യു യൂണിറ്റുകള്‍ കൊണ്ടുവച്ചു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ വൈദ്യസഹായം കിട്ടാനില്ലാതെയായി. കാരണം രോഗികളെക്കാള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പടരുന്നു. പലരും ജോലിക്ക് വരാതായി.
മിലാനില്‍ പ്രായമായ രോഗികളെ ശ്രദ്ധിക്കാതെയായി, അവര്‍ ഏതായാലും മരിക്കുമല്ലോ എന്ന നിലയില്‍ അവര്‍ക്ക് വൈദ്യസഹായം നല്‍കുന്നില്ല. ലോകത്തില്‍ പലയിടത്തും തെരുവുകള്‍ കാലിയാവുന്നു, മാളുകളും കൊച്ചുകൊച്ചു ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകള്‍പോലും അടച്ചുപൂട്ടുന്നു. ലോകം ഒരു അറിയപ്പെടാത്ത നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് കേവലം മൂന്നു മാസമേ ആയുള്ളൂ. അപ്പോഴേക്കും ലോകം എത്തിച്ചേര്‍ന്നത് വലിയ വിനാശത്തിലേക്കാണ്. രണ്ടു ലോക മഹായുദ്ധങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടു നിന്നെങ്കിലും, രണ്ടു ഗള്‍ഫ് യുദ്ധങ്ങള്‍ അവസാനിക്കാന്‍ മാസങ്ങള്‍ എടുത്തിട്ടും ലോകം ഇത്രയധികം നിശ്ചലാവസ്ഥ നേരിട്ടിട്ടില്ല. അതോടൊപ്പം പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ - ഫലസ്തീന്‍ പോരാട്ടങ്ങള്‍പോലും ലോക വിപണിയെ ഇത്രയധികം ഇടിച്ചു താഴ്ത്തിയിട്ടില്ല.
മാര്‍ച്ച് മൂന്നിനായിരുന്നു ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നും ഷാര്‍ലേറ്റിലേക്കുള്ള ആഭ്യന്തര വിമാന കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ കയറിയത്. 236 സീറ്റുകളുള്ള എയര്‍ബസ് 321ല്‍ കേവലം 42 യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഷാര്‍ലേറ്റില്‍ നിന്നും മിസൂറിയിലെ സാന്‍ ലൂയിസു എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലും മറ്റൊരു വിമാനത്തില്‍ പകുതിയിലധികം സീറ്റുകള്‍ കാലിയായിരുന്നു. അമേരിക്കയില്‍ യാത്രകള്‍ പലരും ഒഴിവാക്കി. മാര്‍ച്ച് 13നു നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതിനും എത്രയോ മുമ്പ് തന്നെ പലരും യാത്രകള്‍ വെട്ടിച്ചുരുക്കി. വിനോദയാത്രകളും ബിസിനസ് യാത്രകളും ഒഴിവാക്കിത്തുടങ്ങി. ഭയം വിലക്ക് വാങ്ങിക്കാന്‍ പലരും മടിച്ചു.
വൈറസിനേക്കാള്‍ വേഗതയില്‍ ഭയം മനുഷ്യനെ വിഴുങ്ങി. 946 വിമാനങ്ങള്‍ സ്വന്തമായുള്ള ലോകത്തിലെ ഏറ്റവും വലിയ അമേരിക്കന്‍ എയര്‍ലൈന്‍സ് പകുതിയിലേറെ റൂട്ടുകള്‍ വെട്ടിച്ചുരുക്കി. തുടര്‍ന്ന് മറ്റു എയര്‍ലൈനുകളും യാത്രകള്‍ റദ്ദാക്കി. ചൈനയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഇതര വിമാന സര്‍വിസുകള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തി. കൊറോണ വാഹകരുടെയും മരണങ്ങളുടെയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ലോകം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ വൈറസ് നിര്‍ബാധം ടിക്കറ്റില്ലാ യാത്ര എല്ലാ ഭൂഖണ്ഡത്തിലേക്കും അനന്തമായി തുടരുന്നു. പക്ഷേ, ഈ ദുരന്തത്തിന്നിടയിലും ചിലര്‍ ദൈവത്തെ പഴിചാരുന്നു, മറ്റുചിലര്‍ രാഷ്ട്രീയം കളിക്കുന്നു. ചിലരാവട്ടെ മരുന്നും വാക്‌സിനും കണ്ടെത്താന്‍ ശ്രമിക്കുന്നു. ലോകോത്തര മരുന്ന് കമ്പനികളാവട്ടെ അവ വിപണിയില്‍ ഇറക്കി ലാഭം കൊയ്യാന്‍ തിരക്കുപിടിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മുഖത്തു നോക്കി എല്ലാവരും നെടുവീര്‍പ്പിടുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി എല്ലാ മനുഷ്യരുടെയും ഉള്ളിന്റെയുള്ളില്‍ നിസ്സഹായതയുടെ കനലെരിയുകയാണ്.
വിമാനകമ്പനികളുടെ നഷ്ടം
2019 ഡിസംബറിലെ ആദ്യ നാളുകളില്‍ തന്നെ ചൈനയില്‍ നിന്നുള്ള പോക്കും വരവും വളരെ കുറഞ്ഞിരുന്നു. കൊവിഡ് അവര്‍ പുറം ലോകത്തുനിന്നും ആദ്യം മറച്ചുപിടിച്ചു. അതുമൂലം അവിടങ്ങളിലേക്കുള്ള ഏതാനും സര്‍വിസുകള്‍ മാത്രമായിരുന്നു ചില വിമാന കമ്പനികള്‍ വെട്ടിക്കുറച്ചത്. പക്ഷേ 2020 ജനുവരി ആവുമ്പോഴേക്കും വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ മാത്രം കൊവിഡ് - 19 ഒതുങ്ങാതെ ഒരു പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ രൂപാന്തരം പ്രാപിക്കുമ്പോഴേക്കും ചൈനയുടെ അതിര്‍ത്തിക്കപ്പുറം ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കും ഇതര ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചപ്പോള്‍ എയര്‍ലൈനുകള്‍ പരിഭ്രാന്തിയിലായി.
മനുഷ്യനില്‍നിന്നു മനുഷ്യനിലേക്ക് പകരുന്ന രോഗമാണിതെന്ന അറിവ് ശാസ്ത്ര ലോകം പുറത്തു വിടുമ്പോഴേക്കും വിമാനകമ്പനികള്‍ അവരുടെ സര്‍വിസുകള്‍ വെട്ടിച്ചുരുക്കി. ജനുവരി അവസാനത്തില്‍ നടന്ന അയാട്ടയുടെ യോഗത്തില്‍ 113 ബില്യണ്‍ ഡോളര്‍ നഷ്ടം വരുമെന്ന് കണക്കുകൂട്ടി. പക്ഷേ രോഗവ്യാപനം മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കടന്നതോടെ കൂടുതല്‍ രാജ്യങ്ങളും അവരുടെ നാട്ടിലേക്ക് പോക്കുവരവിനു വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുന്‍കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്തായി. ഇപ്പോള്‍ അയാട്ടയുടെ അനുമാനം 390 ബില്ല്യണ്‍ ഡോളറിലേക്കു എത്തിയിരിക്കുന്നു എന്നാണ്. ഏപ്രില്‍ മാസത്തോടെ ഇരുപതോളം എയര്‍ലൈനുകള്‍ പാപ്പരാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൂട്ടല്‍. ഇതോടെ ലക്ഷക്കണക്കിന് വിമാനജോലിക്കാരുടെയും അനുബന്ധ തൊഴിലാളികളുടെയും തൊഴില്‍ നഷ്ടപ്പെടും.
കൊറോണ വൈറസിനേക്കാള്‍ ഭീതി ഈ മേഖലയിലുള്ളവര്‍ അനുഭവിക്കും. കഷ്ടപ്പാടും യാതനയും വേദനയും മാത്രമല്ല പിടിച്ചു പറിയും കളവും കൊള്ളയും തടുക്കാനാവാത്ത വിധം വര്‍ധിക്കും. ട്രംപ് നാഷനല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ ലോസ് ആഞ്ചലസിലെ ജനങ്ങള്‍ പോയത് സൂപ്പര്‍ മാര്‍ക്കറ്റിലേക്കായിരുന്നില്ല, പകരം തോക്ക് കച്ചവട ഷോപ്പുകളിലേക്കായിരുന്നു. ഫോബ്‌സ് ന്യൂസ് വളരെ ഗൗരവത്തോടെയും ആശങ്കയോടെയുമാണ് ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്തത്.
ഇതിന്റെയൊക്കെ അനുരണനങ്ങള്‍ ഇന്ത്യന്‍ വ്യോമമേഖലയെയും സാരമായി ബാധിച്ചിരിക്കുന്നു. ഗള്‍ഫ് - ഇന്ത്യാ റൂട്ടുകള്‍ ഇതിനകം അടച്ചു കഴിഞ്ഞു. യു.എ.ഇ അവരുടെ എല്ലാ വിമാനങ്ങളും നിര്‍ത്തലാക്കി. ഉംറയും പാടെ നിലച്ചു. ഇതോടെ പതിനായിരത്തില്‍ കൂടുതല്‍ ട്രാവല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവും. വറുതിയുടെയും പട്ടിണിയുടെയും നാളുകള്‍ അതിവിദൂരമല്ല. 2003ല്‍ സാര്‍സ് പകര്‍ച്ചവ്യാധി വന്നപ്പോള്‍ എയര്‍ലൈനുകള്‍ നേരിട്ട നഷ്ടം 27 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. കാരണം അത് അന്നു ചൈനയെ മാത്രമായിരുന്നു ബാധിച്ചിരുന്നത്. പക്ഷേ കൊറോണ ലോകം മുഴുവന്‍ പടര്‍ന്ന ഒരു മഹാമാരിയായി മാറി. ലോക വ്യോമമേഖലയില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായിരുന്നു ചൈനയിലെ വിമാന കമ്പനികള്‍. 2019ല്‍ 151 ബില്യണ്‍ ഡോളറായിരുന്നു ചൈനീസ് എയര്‍ലൈന്‍സുകളുടെ മൊത്തം വരുമാനം.
ആഗോള ടൂറിസത്തെ
എങ്ങനെ ബാധിക്കുന്നു?
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആരംഭിച്ചത് ഇക്കഴിഞ്ഞ വര്‍ഷമാണ്. കച്ചവടത്തിലെ ഉരസല്‍ അന്നുമുതലേ വ്യോമയാത്രകളെ ബാധിച്ചിരുന്നു. പക്ഷേ 2020 ആവുമ്പോഴേക്കും കച്ചവട ഉരസല്‍ വൈറസ് രൂപത്തില്‍ വന്നു ചേര്‍ന്നതോടെ വ്യോമഗതാഗതം പാടെ നിലച്ചു. ഏഴു തരത്തിലാണ് ടൂറിസം മേഖലയെ കൊറോണ ബാധിക്കുന്നത്.
വിമാന സര്‍വിസുകള്‍
നിര്‍ത്തലാക്കല്‍
യാത്രാ നിരോധനം പ്രഖ്യാപിക്കല്‍
വിനോദ കേന്ദ്രങ്ങള്‍ അടച്ചിടല്‍
പുതുവത്സരവും മറ്റു ആഘോഷങ്ങളും
നിര്‍ത്തലാക്കല്‍
വിനോദ കപ്പലുകളുടെ ഓട്ടം നിര്‍ത്തല്‍
എയര്‍പോര്‍ട്ടുകളിലെ സ്‌ക്രീനിങ് / വിസ
നിര്‍ത്തലാക്കല്‍
യാത്ര ചെയ്യാനുള്ള ഭയം
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കച്ചവടമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ടൂറിസം. അടുത്ത കാലത്തൊന്നും വീണ്ടെടുക്കാനാവാത്തവിധം ലോക വിപണികള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. വിമാന കമ്പനികള്‍, ഹോട്ടല്‍, റിസോര്‍ട്ട്, ക്രൂയിസ്, വിനോദകേന്ദ്രങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍, വാര്‍ത്താ വിനിമയ സംരംഭങ്ങള്‍ എന്നുവേണ്ട എല്ലാം പതനത്തില്‍ നിന്നും വീണ്ടും പിച്ചവച്ചു ഏഴുന്നേല്‍ക്കാന്‍ ഇനി മാസങ്ങള്‍ വേണ്ടിവരും. ഇനിയും കൊറോണയുടെ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ 2021ല്‍ പോലും കമ്പോളം ഉണരില്ല. 1300 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ജൂണ്‍ വരെ കണക്കാക്കുന്നത്, ഏപ്രില്‍ അവസാനമാവുമ്പോഴേക്കും കൊറോണയെ പിടിച്ചുകെട്ടാനാവുമെന്ന പ്രതീക്ഷയിലാണ് മേല്‍പറഞ്ഞ നഷ്ടം കണക്കാക്കിയത്. അതിനപ്പുറം കടന്നാല്‍ പിടിച്ചുനില്‍ക്കാനാവാത്തവിധം വിമാന വിനോദ മേഖല തകര്‍ന്നു തരിപ്പണമാവും. 28 കോടി തൊഴിലാളികള്‍ ഈ മേഖലയില്‍ മാത്രം തൊഴില്‍ രഹിതരാവും. അനുബന്ധ തൊഴിലെടുക്കുന്ന 10 കോടിയോളം ജനങ്ങള്‍ വെറുതെയിരിക്കണം.
ഇന്ത്യന്‍ വ്യോമമേഖലയും ടൂറിസവും
ഇന്ത്യന്‍ പാതകവാഹിനി എയര്‍ ഇന്ത്യയുടെ വില്‍പന ഈ വാര്‍ഷം ഏപ്രില്‍ 30വരെ നീട്ടിയിരിക്കുന്നു. അതിനാല്‍ കുറഞ്ഞത് മുവായിരം കോടി രൂപ കൂടി താല്‍ക്കാലിക ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കണം. കൊവിഡ് - 19 എന്ന മഹാമാരിയുടെ പേരിലല്ല ഈ നഷ്ടം. പക്ഷേ, കൊറോണ പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയിലെ എല്ലാ വിമാന കമ്പനികളും പാപ്പരാവുമെന്ന നിലയിലാണ്. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എയര്‍ ഏഷ്യ ഇന്ത്യ എന്നീ വന്‍കിട എയര്‍ലൈനുകള്‍ അവരുടെ ദേശീയ, അന്തര്‍ദേശീയ റൂട്ടുകള്‍ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ഒരു പക്ഷേ ഏപ്രില്‍ പതിനാലിന് ശേഷം പുനരാരംഭിച്ചാല്‍ തന്നെ ഒന്നരമാസത്തെ ക്ഷീണം മാറ്റാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.
വിമാന കമ്പനികള്‍ അധികവും ആശ്രയിക്കുന്നത് ടൂറിസം മേഖലയെയാണ്. പക്ഷേ നമ്മുടെ ടൂറിസം പഴയപടിയാവാന്‍ മാസങ്ങളെടുക്കും. വിദേശയാത്രക്കാരില്‍ കൊറോണ ഭയം കുറഞ്ഞു വരികയും അവരിലുണ്ടായിട്ടുള്ള സാമ്പത്തികശേഷി ഏറിവരികയും ചെയ്യാന്‍ കുറഞ്ഞത് ഒന്നൊന്നര വര്‍ഷം എടുക്കും. സര്‍ക്കാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കാതെ ഇന്ത്യയിലെ വിമാന കമ്പനികള്‍ അടുത്തൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം പൊതുവേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്. കൂനിന്മേല്‍ കുരു എന്നപോലെ കൊറോണയുംകൂടി കടന്നു വന്നപ്പോള്‍ രാജ്യം അവസാനത്തെ നെല്ലിപ്പടിയും കണ്ടു തുടങ്ങി. അമേരിക്കയിലെ വിമാന കമ്പനികള്‍ക്കു സാമ്പത്തിക പരിരക്ഷ നല്‍കുമെന്ന് ഭരണകൂടം ഉറപ്പ് കൊടുത്തു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും ഒരു പരിധിവരെ വിമാന കമ്പനികളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ടൂറിസം മേഖലയാണ് ദുരവസ്ഥ നേരിടാന്‍ പോകുന്നത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിനോദകേന്ദ്രങ്ങള്‍, അനുബന്ധസ്ഥാപനങ്ങള്‍ എല്ലാം ഈ ദുരന്തത്തിന്റെ ഇരകളായത്തീരും. അവരെ സഹായിക്കാന്‍ ആരുണ്ട്?
ഇന്ത്യയിലെ എല്ലാ രംഗങ്ങളിലും കൊറോണയുടെ പരിണിത ഫലങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ടൂറിസം മേഖലയും തിരിച്ചടികളുടെ പാതയിലാണ്. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'യിലേക്ക് കണ്ണുംപൂട്ടിയെത്തുന്ന വിദേശികള്‍ ഇന്ന് കൂട്ടത്തോടെ യാത്ര കാന്‍സല്‍ ചെയ്യുന്നു. നവ മാധ്യമങ്ങളിലൂടെ പരക്കുന്ന വ്യാജ സന്ദേശങ്ങള്‍ യാത്രികരെ പേടിപ്പിപ്പെടുത്തുന്നു. കേരളത്തെയും കൊറോണ വൈറസ് വിഴുങ്ങുകയാണ്. കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി ഏകദേശം 8.19 ലക്ഷം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. അത് ടൂറിസം വകുപ്പിനേകിയ ഊര്‍ജം ചെറുതല്ല. എന്നാല്‍ കൊറോണയുടെ വരവോടെ സഞ്ചാരികള്‍ കുറഞ്ഞു, ഇപ്പോള്‍ ഒട്ടും ഇല്ലാതായി. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നു. ചൈനയില്‍ നിന്നും ഉത്ഭവിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള 195 ഓളം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് നിസ്സാരക്കാരനല്ല. അതുകൊണ്ടു തന്നെ യാത്രകള്‍ എല്ലാവരും ഒഴിവാക്കി തുടങ്ങി.
ലോകത്തിലാകമാനം ടൂറിസത്തിന്റെ തകര്‍ച്ച വന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസത്തിലേക്കുള്ള 75% ബുക്കിങ്ങുകളും ഇതിനകം കാന്‍സല്‍ ചെയ്തു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈ മാസം അവസാനിക്കുമ്പോഴേക്കും നൂറു ശതമാനം കാന്‍സല്‍ വരും. അതോടെ ഹോട്ടലുകള്‍ പൂട്ടി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും. ഇന്ത്യയിലെ ടൂറിസം സീസണ്‍ തുടങ്ങുന്നത് മാര്‍ച്ച് അവസാനത്തോടെയാണ്. പക്ഷേ എല്ലാം കൊറോണ കൊണ്ടുപോയി. ഹില്‍ട്ടണ്‍ ഹോട്ടല്‍ മേധാവി 'ക്രിസ് നെസ്റ്റാ' വേദനയോടെ പറയുന്നു, അന്‍പത് ദശലക്ഷം ഡോളറാണ് ഈ അരവര്‍ഷത്തെ പ്രതീക്ഷിക്കുന്ന നഷ്ടം.
ചൈനയുടെ ടൂറിസമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. 2011ല്‍ ജപ്പാനിലെ ഫുകോശിമയില്‍ ന്യൂക്ലിയര്‍ പ്ലാന്റ് പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്നു വര്‍ഷങ്ങളോളം ടൂറിസ്റ്റുകള്‍ അവിടേക്കുള്ള യാത്രകള്‍ ഒഴിവാക്കി. അതേപോലെ സാര്‍സ് രോഗം പടര്‍ന്നപ്പോഴും ചൈനയിലേക്കും ഇതര ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്രക്കാര്‍ കുറഞ്ഞു. കാരണം മറ്റൊരു ദുരന്തത്തെ നേരിടാനുള്ള മനുഷ്യന്റെ ഭയം അവനെ മാറ്റി ചിന്തിപ്പിക്കുന്നു. ഏതൊരു പകര്‍ച്ചവ്യാധി പടരുമ്പോഴും മനുഷ്യര്‍ അവിടേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുക സ്വാഭാവികം മാത്രം, പക്ഷേ കൊറോണ അങ്ങനെയല്ല. ലോകത്തിലെ ഏകദേശം എല്ലാ രാജ്യങ്ങളിലും ഇതിനകം ഈ രോഗം ബാധിച്ചു കഴിഞ്ഞു, വ്യാപനം തുടരുകയാണ്.
വിനോദ സഞ്ചാര മേഖല എയര്‍ലൈനുകളെയും എയര്‍ലൈനുകള്‍ വിനോദ സഞ്ചാരത്തെയും പരസ്പരം ആശ്രയിച്ചുകൊണ്ടാണു പ്രവര്‍ത്തിക്കുന്നത്. മനുഷ്യരുടെ ചെലവഴിക്കാനുള്ള ത്വരയെ അവനറിയത്തെ ചൂഷണം ചെയ്യപ്പെടുകയാണിവിടെ. ലോ കോസ്റ്റ് വിമാനങ്ങളുടെ വരവ് ടൂറിസം മേഖലയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ പറന്നെത്താവുന്നതിനാല്‍ താമസത്തിനും ആനന്ദത്തിനും ഭൂരിഭാഗം ജനങ്ങളും പണം ചെലവാക്കുന്നു. ശക്തവും യോജിച്ചുമുള്ള ഒരു ദീര്‍ഘകാല കൂട്ടുകാരികളാണ് എയര്‍ലൈനും ടൂറിസവും. അവരാണ് ആഗോളാടിസ്ഥാനത്തില്‍ മാന്ദ്യം നേരിടാന്‍ പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."