മദ്യ വിതരണം പൂര്‍ണമായി നിര്‍ത്തിയതോടെ വ്യാജമദ്യ നിര്‍മാണ നീക്കം സജീവം
തിരുവനന്തപുരം: ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടി സംസ്ഥാനത്ത് മദ്യം വിതരണം പൂര്‍ണമായി നിലച്ചതോടെ വ്യാജമദ്യ മാഫിയയുടെ പ്രവര്‍ത്തനങ്ങളും സജീവമായി.
അവശ്യ സേവന വകുപ്പായി പ്രഖ്യാപിച്ചതോടെ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായിട്ടുണ്ട്.
ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്നതിനാല്‍ എക്‌സൈസ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല. നെയ്യാറ്റിന്‍കരയില്‍നിന്ന് 500 ലിറ്റര്‍ കോട കണ്ടെടുത്തത് ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആകെ മുന്നൂറോളം കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അപ്രതീക്ഷിത ലോക്ക്ഡൗണില്‍ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനത്തിനും കനത്ത തിരിച്ചടിയേറ്റത് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. കാര്യമായ തയാറെടുപ്പ് മയക്കുമരുന്ന് മാഫിയക്ക് നടത്താനായില്ല എന്നതാണ് ഏറെ ഗുണകരമായത്.
നിലവില്‍ സ്‌റ്റോക്കുള്ളവ മാത്രമേ ലഹരിമാഫിയക്ക് കച്ചവടത്തിന് എത്തിക്കാനാകൂ. സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ ലഹരി മരുന്നുകളുടെ കടത്തും പൂര്‍ണമായി നിലച്ചു.
ചെക്കുപോസ്റ്റുകളില്‍ എല്ലാം പഴുതടച്ച പരിശോധനകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ വന്‍തോതില്‍ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള സാധ്യതകളും ഇല്ലാതായി.
കോട തയാറാക്കുന്നതിനുളള തയാറെടുപ്പിന് അവസരം ലഭിക്കാതിരുന്നത് വ്യാജമദ്യ മാഫിയക്ക് തിരിച്ചടിയാണ്. ഇനി വ്യാജമദ്യ നിര്‍മാണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് അതിന് ആവശ്യമായ സാധനങ്ങള്‍ കൂടിയ അളവില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധിക്കണമെന്ന് പൊലിസും എക്‌സൈസും കടകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട തയാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കൂടിയ അളവില്‍ വില്‍പന നടത്തിയതിന് പല സ്ഥലങ്ങളിലും എക്‌സൈസ് വകുപ്പ് കട ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."