പൊതുമാപ്പ് തുടങ്ങി; ചുവപ്പിലായ സ്ഥാപനങ്ങളിലെ ജീവനക്കാരും ഫ്രീവിസക്കാരും രാജ്യംവിടണം
ജിദ്ദ: നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് സംവിധാനം സഊദിയില്‍ തുടങ്ങി. വിവിധ കാരണങ്ങളാല്‍ നിയമലംഘകരായവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. പിഴയൊന്നും അടക്കാതെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമാണ് പുതിയ പൊതുമാപ്പിലൂടെ സഊദി ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു മാസമാണ് പൊതുമാപ്പ്.
അതേസമയം, സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ചുവന്ന വിഭാഗം സ്ഥാപനങ്ങളിലെ ജീവനക്കാരെ പൊതുമാപ്പില്‍ മാതൃ രാജ്യത്തേക്ക് മടങ്ങുന്നതിന് അനുവദിക്കുമെന്ന് സഊദി ജവാസാത്ത് ഉപമേധാവി മേജര്‍ ജനറല്‍ ദൈഫുല്ല ബിന്‍ സത്താം അല്‍ഹുവൈഫി അറിയിച്ചു. നിയമാനുസൃതം ഇഖാമ നേടുകയും തൊഴിലുടമക്കു കീഴിലല്ലാതെ ജോലിയിലേര്‍പ്പെടുകയും ചെയ്യുന്നവരും രാജ്യം വിടണം. ഫ്രീ വിസക്കാര്‍ നിയമ ലംഘകരാണ്. ഇവരും രാജ്യം വിടണം. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്തി ശിക്ഷകള്‍ കൂടാതെ രാജ്യം വിടാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമലംഘകര്‍ കനത്ത വില നല്‍കേണ്ടി വരും. ഈ കാലാവധിക്ക് ശേഷം നിയമലംഘകരുടെ സേവനങ്ങള്‍ അനുവദിക്കുന്ന മുഴുവന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും മരവിപ്പിക്കും. വിവിധ വിസിറ്റ് വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുന്നവര്‍, ഉംറ, ഹജ്ജ് വിസകളിലെത്തി നാട്ടിലേക്ക് പോകാത്തവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍, ഇഖാമയില്ലാത്തവര്‍, അനുമതിയില്ലാതെ ഹജ്ജ് ചെയ്ത് നിയമലംഘനത്തില്‍ പെട്ടവര്‍, വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ തുടങ്ങിയവരെയാണ് നിയമലംഘകരായി കണക്കാക്കുന്നത്. പൊതുമാപ്പ് സേവനം ഉപയോഗിച്ചവര്‍ക്ക് പുതിയ വിസയില്‍ സഊദിയിലേക്ക് മടങ്ങിവരാമെന്ന സൗകര്യവുമുണ്ട്.
റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും കഴിഞ്ഞ ദിവസം മുതല്‍ തന്നെ പൊതുമാപ്പിന്റെ സേവനങ്ങള്‍ തേടി നിരവധി നിയമലംഘകരാണ് ഔട്ട് പാസ് കൈപ്പറ്റാന്‍ നേരിട്ട് ഹാജരായത്. ഇവരെ സഹായിക്കാന്‍ എംബസി ജീവനക്കാര്‍ക്ക് പുറമെ പ്രത്യേകം വളണ്ടിയര്‍മാരുടെയും പ്രവാസി സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ സഹായകേന്ദ്രങ്ങളും പ്രവത്തിക്കുന്നുണ്ട്. ഇതിനു പുറമെ ജിദ്ദ വിമാനത്താവളത്തിലും കോണ്‍സുലേറ്റ് ജീവനക്കാരുടെ സഹായം ലഭ്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."