ഇരിപ്പിടം ലഭിച്ചില്ല; ഉപവാസ സമരത്തില്‍ നിന്നു കെ. മുരളീധരന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമര വേദിയില്‍ നിന്നു കെ മുരളീധരന് എം.എല്‍.എ ഇറങ്ങിപ്പോയി.
വേദിയില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇന്നലെ രാവിലെ പത്തു മുതല്‍ ഒന്നുവരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപവാസ സമരം.
ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാന്‍ കസേര ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം വേദി വിടുകയായിരുന്നു. തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മുരളീധരന് ആരോപിച്ചു.
നേരത്തെ തന്നെ കോണ്‍ഗ്രസ് മുന്‍നിര നേതാക്കള്‍ കസേര കൈയടക്കിയിരുന്നു. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ ഏറെ നേരം കാത്തുനിന്നിട്ടും ഇരിപ്പിടം ഒരുക്കാന്‍ ആരും തയാറായില്ല. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ കസേര നല്കാന് തയാറായെങ്കിലും മുരളീധരന് അത് സ്വീകരിച്ചില്ല. ഘടകകക്ഷി നേതാക്കളുടെ സീറ്റുകളില്‍ ഇരിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്നും അഭിപ്രായപ്പെട്ട മുരളീധരന് വേദി വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."