ജില്ലാപഞ്ചായത്തിന് സ്പില്‍ ഓവര്‍ കുരുക്ക് 20 കോടിയുടെ പദ്ധതി ഉപേക്ഷിക്കും?
മലപ്പുറം: പ്രാദേശിക ഭരണകൂടങ്ങളുടെ സ്പില്‍ ഓവര്‍ പ്രൊജക്ടുകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ കുടുങ്ങി മലപ്പുറം ജില്ലാപഞ്ചായത്തും. മുന്‍ വര്‍ഷങ്ങളിലെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള പണം ചെലവഴിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമാണ് നടപ്പു ബജറ്റിലെ കോടികളുടെ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമാകുന്നത്.
2015-16, 2016-17 വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ക്ക് 12.71 കോടി രൂപയാണ് നിലവില്‍ നല്‍കാനുള്ളത്. മുന്‍ വര്‍ഷത്തെ പ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ഈ ഫണ്ട് സര്‍ക്കാരില്‍നിന്നു ലഭിക്കില്ല. നിലവില്‍ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ അംഗീകാരം ലഭിച്ച ഏഴു കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇനിയും കരാര്‍ വയ്ക്കാന്‍ ബാക്കിയുണ്ട്.
കരാറിലെത്താത്ത പ്രവൃത്തികളൊന്നും സ്പില്‍ ഓവറാക്കാന്‍ പറ്റില്ലെന്നതും ജില്ലാപഞ്ചായത്തിനു തിരിച്ചടിയാകും. മുന്‍ വര്‍ഷങ്ങളിലൊന്നുമില്ലാത്ത തീരുമാനം തദ്ദേശ സ്ഥാപനങ്ങളുടെ മികവുതകര്‍ക്കാനാണെന്നാണ് മലപ്പുറം ജില്ലാപഞ്ചായത്ത് ആരോപിക്കുന്നത്. മൂന്നു വര്‍ഷങ്ങളിലായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ പുതിയ വാര്‍ഷിക പദ്ധതിയിലെ പണം ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും.
2018-19 വര്‍ഷത്തേയ്ക്കു ലഭിക്കുന്ന ഫണ്ടില്‍നിന്നു മുന്‍ വര്‍ഷങ്ങളിലെ ബാധ്യത തീര്‍ക്കേണ്ടിവരുന്നതോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍നിന്നു നേരത്തെ അംഗീകരിച്ച 20 കോടി രൂപയുടെ പദ്ധതികള്‍ ഒഴിവാക്കേണ്ടിവരും. ഇതോടെ 2018-19 വര്‍ഷത്തേയ്ക്ക് അംഗീകരിച്ച ബജറ്റ് തന്നെ താളംതെറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."