12 വാഫി സ്ഥാപനങ്ങള്‍ക്ക് കൂടി അഫിലിയേഷന്‍
വളാഞ്ചേരി(മലപ്പുറം): കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) സിന്‍ഡിക്കേറ്റ് യോഗം മൂന്ന് വാഫി കോളജുകള്‍ക്കും 9 വഫിയ്യ കോളജുകള്‍ക്കും പുതുതായി അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ സി.ഐ.സിയോട് അഫ്‌ലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 60 ആയി. 46 വാഫി കോളജുകളും 14 വഫിയ്യ കോളജുകളും ഇതില്‍ ഉള്‍പ്പെടും.
ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് മുണ്ടുപറമ്പ്, മലപ്പുറം, അല്‍ കൗസര്‍ ശരീഅത്ത് കോളജ്, കുമ്പ്ര മംഗലാപുരം കര്‍ണാടക, സി.ബി.എം.എസ് ഇസ്‌ലാമിക് അക്കാദമി, വിളയില്‍ മലപ്പുറം എന്നീ സ്ഥാപനങ്ങള്‍ക്കാണ് വാഫി അംഗീകാരം
നഫീസത്തുല്‍ മിസ്‌രിയ്യ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ വിമണ്‍ മാഞ്ഞാര്‍ ആലപ്പുഴ, ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, മൂന്നുമൂല പള്ളിപ്പുറം പാലക്കാട്, അല്‍ഫാറൂഖ് ഇസ്‌ലാമിക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിമന്‍സ് കോളജ് തൃപ്പനച്ചി മലപ്പുറം, നൂറുല്‍ ഇസ്‌ലാം വിമന്‍സ് കോളജ് ആലംപാടി കാസര്‍കോട്, വയലില്‍ മോയി ഹാജി മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ വിമന്‍സ് മുക്കം കോഴിക്കോട് , ഇമാം ശാഫി ഇസ്‌ലാമിക് ഷീ കാംപസ് കുമ്പള കാസര്‍കോട,് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്, കൈപ്പമംഗലം തൃശൂര്‍, ഇസ്സത്തുല്‍ ഇസ്‌ലാം വിമന്‍സ് കോളജ് അത്താഴക്കുന്ന് കണ്ണൂര്‍, (വഫിയ്യ ഡേ സ്‌കൂള്‍) എന്നീ സ്ഥാപനങ്ങള്‍ക്കാണ് വഫിയ്യ അംഗീകാരം.
എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആഴത്തിലുള്ള ഇസ്‌ലാമിക പഠനത്തോടൊപ്പം യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും സമന്വയിച്ച് നല്‍കുന്നതാണ് വാഫി, വഫിയ്യാ കോഴ്‌സുകള്‍. യൂനിവേഴ്‌സിറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സി.ഐ.സി പി.ജിതലത്തില്‍ ഉസൂലുദ്ദീന്‍, ശരീഅ, ലുഗ എന്നീ ഫാക്കല്‍റ്റികളില്‍ ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്നു.
ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് അംഗത്വം നേടിയിട്ടുള്ള സി.ഐ.സി ഈജിപ്തിലെ അല്‍ അസഹര്‍, കെയ്‌റോ , അറബ്‌ലീഗ്, അലിഗഡ്, ജാമിഅ മില്ലിയ, കാലിക്കറ്റ്, തുടങ്ങിയ പ്രമുഖ യൂനിവേഴ്‌സിറ്റികളുമായി എം.ഒ.യു ഒപ്പുവച്ചിട്ടുണ്ട്. 2017-2018 അധ്യയന വര്‍ഷത്തേക്കുള്ള വാഫി, വഫിയ്യ ഏകീകൃത പ്രവേശന പരീക്ഷകള്‍ മെയ് മൂന്ന് (വഫിയ്യ) നാല് (വാഫി) തിയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
മതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലെ ഭൗതിക, അക്കാദമിക സൗകര്യങ്ങള്‍ പരിശോധിച്ചു തയാറാക്കിയ ഗ്രേഡിങ് യോഗം അംഗീകരിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ബ്യൂറോ വെറിറ്റാസ് ചീഫ് ഓഡിറ്റര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലാണ് ഗ്രേഡിങ് നടന്നത്. ഗ്രേഡുകള്‍ 2017-2018 പ്രോസ്‌പെക്ടസില്‍ പ്രസിദ്ധീകരിക്കും.
യോഗത്തില്‍ ജോ.റെക്ടര്‍ കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷനായി. കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ദ് മുഹമ്മദ് നിസാമി, അലി ഫൈസി തൂത, അഹ്മദ് ഫൈസി കക്കാട്, ഹബീബുല്ലഫൈസി പള്ളിപ്പുറം, ഡോ. താജുദ്ദീന്‍ വാഫി, അലി ഹുസൈന്‍ വാഫി, ഡോ. സ്വലാഹുദ്ദീന്‍ വാഫി, ഡോ. അയ്യൂബ് വാഫി എന്നിവര്‍ പങ്കെടുത്തു. വാഫി മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."