ദാനധര്‍മം കൊണ്ട് കോട്ട തീര്‍ക്കുക
ദാനവും ധര്‍മവും നല്‍കുന്ന ഒരു മനസ്സാണ് മനുഷ്യലോകത്തിന് അനിവാര്യം. പാവപ്പെട്ടവനെ സഹായിക്കാനും ജീവിതത്തിന്റെ തിരക്കുകള്‍ക്കും അപരിചിതമായ പ്രയാസങ്ങള്‍ക്കും മുന്നില്‍ വീണുപോകുന്നവരെ എഴുന്നേല്‍പിക്കുവാനും സമ്പന്നന്റെ ഔദാര്യമനസ്സ് അത്യന്താപേക്ഷിതമാണ്.
സമ്പത്ത് എന്നത് ഭൗതികമാണ്. ഭൗതികമായ സമ്പത്തിനെ ആത്മീയസമ്പത്താക്കി മാറ്റുന്ന ദിവ്യമായ പ്രക്രിയയുടെ സുന്ദരമായ പേരാണ് ദാനം. ദാനം ഇലാഹീ വഴിയിലാകാന്‍ ആത്മാവ് ശുദ്ധമാകണം. അപരനെ കാണിക്കാന്‍ വേണ്ടി നല്‍കുന്ന ദാനവും ധര്‍മവും അസ്ഥാനത്താണ്. പ്രതിഫലം ലഭിക്കില്ല എന്ന് സാരം. നരകമോചനത്തിന് ദാനധര്‍മങ്ങളെ കൊണ്ട് കോട്ട തീര്‍ക്കാന്‍ നമുക്ക് സാധിക്കണം.
ആരോഗ്യമുള്ള സമയത്ത് നല്‍കുന്ന ദാനമാണ് ഏറ്റവും പ്രതിഫലാര്‍ഹമായ ദാനം. ബുഖാരി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഒരു മനുഷ്യന്‍ വന്ന് നബി(സ്വ)യോട് ചോദിച്ചു. ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന സ്വദഖയേതാണ് പ്രവാചകരെ? അവിടുന്ന് പ്രതിവചിച്ചു: ആരോഗ്യസമയത്ത് ദാരിദ്ര്യം ഭയന്ന് നീ ദാനം ചെയ്യലാണ്. മാത്രമല്ല, റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാനം ചെയ്യുന്നതിനെ പിന്തിക്കരുതെന്നും തിരുമേനി(സ്വ) തുടര്‍ന്ന് നിര്‍ദേശിച്ചു.
ഒരാള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി അവന്‍ ശ്രദ്ധിക്കണം. ഒന്നാമതായി രഹസ്യമായി ദാനം ചെയ്യാന്‍ അവന്‍ ശ്രമിക്കണം. അതില്‍ ലോകമാന്യം ഉണ്ടാവില്ല. പരസ്യമായി നല്‍കുമ്പോള്‍ പ്രദര്‍ശനപരത (രിയാഅ്) ഉണ്ടാകാന്‍ സാധ്യതയേറെയാണ്. രണ്ടാമതായി സന്മാര്‍ഗത്തിലൂടെ സമ്പാദിച്ച സ്വത്താണ് സ്വദഖയായി നല്‍കേണ്ടത്. ഒരിക്കലും കളവ്, ചതി, പിടിച്ചുപറി, മോഷണം തുടങ്ങിയവയിലൂടെ ലഭിച്ച സമ്പത്ത് ദാനം ചെയ്തിട്ട് കാര്യമില്ല. അത് അവന്റെ ഉടമസ്ഥതയിലല്ലെന്നത് തന്നെ കാരണം. മൂന്നാമതായി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുക. സ്ഥാനമാനങ്ങള്‍ വര്‍ധിക്കാനോ ഉന്നത പദവികള്‍ ലഭിക്കാനോ ചിലര്‍ ദാനം ചെയ്യാറുണ്ട്. തന്നെക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനോ മേലധികാരിക്കോ ഒക്കെയായിരിക്കുമത്. അത്തരത്തിലുള്ളവര്‍ക്ക് കൈകൂലിയുടെ അവസ്ഥ മാത്രമാണുള്ളത്. അതിലൂടെ പ്രതിഫലം ഇഛിക്കുന്നത് മൗഢ്യമാണ്.
ദാനം നല്‍കപ്പെടാന്‍ ഏറ്റവും അര്‍ഹര്‍ അടുത്ത കുടുംബാംഗങ്ങളാണ്. നമ്മുടെ വീടുകളിലേക്ക് ദാനം ചോദിച്ച് വരുന്നവരെ നാം ആട്ടിവിടരുത്. കഴിയുമെങ്കില്‍ നാം അവര്‍ക്ക് നല്‍കുക. ഇല്ലെങ്കില്‍ നല്ല വാക്ക് പറഞ്ഞ് അവരെ മടക്കി അയക്കുക. നല്‍കിയത് തിരിച്ചെടുക്കാതിരിക്കലും കൊടുത്ത ധര്‍മത്തെ എടുത്തുപറയാതിരിക്കലും മുഅ്മിനിന്റെ ലക്ഷണമത്രെ. നല്‍കിയത് തിരിച്ച് വാങ്ങല്‍ ഛര്‍ദിച്ചത് ഭക്ഷിക്കുന്നതിന് തുല്യമാണെന്നാണ് പ്രവാചകന്‍ (സ്വ) നമ്മെ പഠിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."