അബിന് രോഗം പടര്‍ന്നതും മെഡിക്കല്‍ കോളജില്‍ നിന്ന്
കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവര്‍ക്കും ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്കും രോഗം പടര്‍ന്ന വഴികള്‍ കണ്ടെത്തി ആരോഗ്യവകുപ്പ്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് നിപ സ്ഥിരീകരിച്ചു മരിച്ച 16 പേര്‍ക്കും ചികിത്സയിലുള്ള രണ്ടു പേര്‍ക്കും രോഗം പടര്‍ന്നതെങ്ങനെയെന്ന് കണ്ടെത്തിയിരിക്കുന്നത്. നിപാ വൈറസ് എവിടെ നിന്നാണ് ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ ബാധിച്ചതെന്നാണ് ഇനി അറിയേണ്ടത്. ഇതിനായി ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുമെന്ന പ്രതീക്ഷ ആരോഗ്യവകുപ്പിനുണ്ട്.
സാബിത്തില്‍ നിന്നാണ് സഹോദരന്‍ സ്വാലിഹ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് പടര്‍ന്നത്. തുടര്‍ന്ന് മരണമടഞ്ഞവരില്‍ ഏറെ പേര്‍ക്കും രോഗം പടര്‍ന്നത് നിപാ വൈറസ് സ്ഥിരീകരിച്ചവരില്‍ നിന്നും നേരിട്ടാണ്. ഇവരില്‍ ഏറെ പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് രോഗം പടര്‍ന്നതെങ്കിലും കഴിഞ്ഞ 27 ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ച കോഴിക്കോട് പാലാഴി സ്വദേശി അബിന് എങ്ങനെ നിപാ വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. നിപ വൈറസ് കേന്ദ്രം പേരാമ്പ്രക്കടുത്ത സൂപ്പിക്കടയായിരുന്നുവെങ്കിലും ഈ സ്ഥലവുമായി അടുത്തൊന്നും ബന്ധപ്പെടാത്ത, കോഴിക്കോട് നഗരത്തിലുള്ള അബിന് രോഗം പടര്‍ന്നത് ആരോഗ്യവകുപ്പിലും ആശങ്കയുണ്ടാക്കിയിരുന്നു. മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്നാണോ രോഗബാധയെന്നായിരുന്നു ആശങ്ക. മരണമടഞ്ഞ മറ്റ് പലര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴോ ബന്ധുക്കളെ പരിചരിക്കാന്‍ എത്തിയപ്പോഴോ ആണ് നിപാ ബാധയുണ്ടായത്. ഈ ഘട്ടത്തില്‍ ഇവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന നിപാ ബാധിതരുമായി ഇവര്‍ നേരിട്ട് ഇടപെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തമായിരുന്നു.
എന്നാല്‍ അബിനോ ബന്ധുക്കളോ ആരും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ മെഡിക്കല്‍ കോളജില്‍ നിന്നായിരിക്കില്ല വൈറസ് ബാധയേറ്റതെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. ഇതിന്റെയടിസ്ഥാനത്തിലാണ് രോഗം വന്ന വഴി കണ്ടെത്താന്‍ വിദഗ്ധ അന്വേഷണം നടത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഒരു വിവാഹത്തില്‍ പങ്കെടുത്ത് അബിന്‍ സുഹൃത്തുമൊത്ത് ബൈക്കില്‍ മടങ്ങുമ്പോള്‍ അപകടമുണ്ടായതും പരുക്കേറ്റ സുഹൃത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ച വിവരവും അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ ഒ.പി ടിക്കറ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. ഇതിലൂടെ മെയ് അഞ്ചിന് സുഹൃത്തിന് സി.ടി സ്‌കാന്‍ എടുക്കാന്‍ അബിന്‍ എത്തിയെന്നും വ്യക്തമായി. ഈ സമയം അവിടെ സാബിത്ത് ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."