കടുത്ത നടപടിയില്‍ മാപ്പ്, മുന്‍പില്‍ വേറെ വഴികളില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം അടച്ചുപൂട്ടിയ നടപടിയില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നതെന്നും മന്‍കി ബാത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് അനേകം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്. ദരിദ്രരായ ജനങ്ങളെ തീരുമാനം വളരെ ബുദ്ധിമുട്ടിച്ചു. നമ്മളെ ഇത്ര കഷ്ടപ്പാടിലേക്കു തള്ളിയ ആള്‍ എന്തൊരു പ്രധാനമന്ത്രിയാണെന്നു തോന്നുന്നുണ്ടാകും. അവരോടും ഞാന്‍ വിശേഷിച്ചു ക്ഷമ ചോദിക്കുന്നു. വീട്ടില്‍ അടച്ചിരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വളരെയധികം ആളുകള്‍ എന്നോട് അനിഷ്ടത്തിലുമായിരിക്കും. നിങ്ങളുടെ കഷ്ടപ്പാടുകള്‍ മനസിലാകുന്നുണ്ട്. നിങ്ങളെന്നോടു ക്ഷമിക്കുമെന്നാണ് എന്റെ മനസ് പറയുന്നത്. മോദി പറഞ്ഞു.
130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് കൊവിഡിനെതിരേ പോരാടാന്‍ ഇതല്ലാതെ വേറെ വഴിയില്ല. ഇത് ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ നമുക്കു ജയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലുള്ള കടുത്ത നടപടി ആവശ്യമായിരുന്നു. ഈ വൈറസ് മനുഷ്യനെ ബാധിച്ചാല്‍ അവനെ ഇല്ലാതാക്കും. മനുഷ്യസമൂഹമൊന്നാകെ ഈ വൈറസിനെ ഇല്ലാതാക്കാന്‍ ഐക്യത്തോടെ നിലകൊള്ളണം. ഈ ലോക്ഡൗണ്‍ നിങ്ങളുടെ രക്ഷയ്ക്കാണ്. നിങ്ങള്‍ സ്വയം കാക്കണം, കുടുംബത്തെയും കാക്കണം. ലക്ഷ്മണരേഖ പാലിക്കുകതന്നെ വേണം. ലോക്ഡൗണ്‍ നിയമം ലംഘിച്ചാല്‍ കൊവിഡ് വൈറസില്‍ നിന്നു രക്ഷപ്പെടുക പ്രയാസമാകും. വീട്ടിനുപുറത്ത് കൊവിഡ് വൈറസിനെതിരേ പോരാടുന്ന നഴ്‌സുമാര്‍ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരുണ്ട്.
വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതുന്നവരോടും നിരീക്ഷണത്തില്‍ കഴിയുന്നവരോടും ചിലര്‍ മോശമായി പെരുമാറുന്നതായ ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. സാമൂഹിക അകലം പാലിക്കണമെന്നല്ലാതെ വൈകാരികമോ മാനുഷികമോ ആയ അകല്‍ച്ച പാലിക്കണ്ടതില്ല. കൊവിഡിനെതിരേ അഭൂതപൂര്‍വമായ യുദ്ധമാണ് നാം നയിക്കുന്നത്. അത് വെല്ലുവിളി നിറഞ്ഞതുമാണ്. അതുകൊണ്ട് ഈ അവസരത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ലോകചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായിരിക്കും-മോദി പറഞ്ഞു.
ഗൗരവം തിരിച്ചറിയണം പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി രാജ്യത്തു പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനെ പിന്തുണയ്ക്കുമ്പോള്‍തന്നെ, അതിനോടൊപ്പം സ്വീകരിക്കേണ്ട മറ്റു നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉണര്‍ത്തി രാഹുല്‍ഗാന്ധി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി.
ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെപ്പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് കത്തില്‍ അദ്ദേഹം വിവരിക്കുന്നത്. സാമ്പത്തിക മേഖല പൂര്‍ണമായും സ്തംഭിക്കുന്നതു രാജ്യത്തെ ബാധിക്കും.
മറ്റു രാജ്യങ്ങളിലെപ്പോലെയല്ല, ഇന്ത്യയില്‍ ഒട്ടുമിക്ക പേരും വരുമാനം കണ്ടെത്തുന്നത് ദിവസക്കൂലിയിലൂടെയാണെന്നും ഇത്തരം ആളുകള്‍ക്കു സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.ഇവിടെ മറ്റു രാജ്യങ്ങളെപ്പോലെ ലോക്ക്ഡൗണ്‍ മാത്രം പ്രഖ്യാപിച്ചാല്‍ പോര.
അതിലൂടെ വലിയൊരു വിഭാഗത്തിന്റെ ജീവിതം വഴിമുട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
അതുപോലെതന്നെ, ഇതരസംസ്ഥാന തൊഴിലാളികളടക്കം കൂട്ടത്തോടെ സ്വന്തം ഗ്രാമങ്ങളിലേക്കു തിരിച്ചെത്തുന്നതു രാജ്യത്തിനു സാമ്പത്തികമായും അല്ലാതെയും തിരിച്ചടിയുണ്ടാക്കുമെന്നും വൈറസ് വ്യാപിക്കാനുള്ള വലിയൊരു സാഹചര്യം അതിലൂടെ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."