25 വന്‍കിട തോട്ടം ഉടമകള്‍ക്കു നോട്ടിസ് പത്തു ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം തെളിയിക്കണം
തിരുവനന്തപുരം: പത്തു ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം തെളിയിക്കണമെന്നാവശ്യപ്പെട്ട് 25 തോട്ടം ഉടമകള്‍ക്കു സര്‍ക്കാരിന്റെ നോട്ടിസ്. സ്‌പെഷ്യല്‍ ഓഫിസറും എറണാകുളം ജില്ലാ കലക്ടറുമായ എം.ജി രാജമാണിക്യമാണ് നോട്ടിസ് നല്‍കിയത്.
മൂന്നാര്‍ ടാറ്റാ എസ്‌റ്റേറ്റ്, ആര്‍.ബി.ടി എസ്‌റ്റേറ്റ്, ചൂരക്കുളം എസ്‌റ്റേറ്റ്, വയല്‍ക്കടവ് എസ്‌റ്റേറ്റ്, ട്രാവന്‍കൂര്‍ ഹൈലാന്റ് പ്രെഡ്യൂസ് ലിമിറ്റഡ്, കൊച്ചിന്‍ മലബാര്‍ ട്രാവന്‍കൂര്‍ കമ്പനി, മിഡ്‌ലാന്റ് എസ്‌റ്റേറ്റ്, ഹോപ്പ് പ്ലാന്റേഷന്‍, മലങ്കര പ്ലാന്റേഷന്‍, എം.എം.ജെ പ്ലാന്റേഷന്‍, ട്രാവന്‍കൂര്‍ ടീ എസ്‌റ്റേറ്റ്, ഹൈലാന്റ് പ്രെഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, പീരുമേട് എസ്‌റ്റേറ്റ്, ടി.ആര്‍ ആന്‍ഡ് ടി കമ്പനി, വാഗമണ്‍ എസ്‌റ്റേറ്റ്, പെരിയാര്‍ പോബ്‌സ് എസ്‌റ്റേറ്റ്, ബ്രൈമൂര്‍ എസ്‌റ്റേറ്റ്, മാരിഗോള്‍ഡ് എസ്‌റ്റേറ്റ്, പൊന്മുടി എസ്‌റ്റേറ്റ്, പുതുക്കാട് എസ്‌റ്റേറ്റ്, ഇന്‍വര്‍കോട് എസ്‌റ്റേറ്റ്, മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റ്, ലണ്ടന്‍ മിഷന്‍ സൊസൈറ്റി കോര്‍പറേഷന്‍, ബോണക്കാട് എസ്‌റ്റേറ്റ് എന്നിവയുടെ ഉടമകള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഉടമസ്ഥാവകാശം തെളിയിച്ചില്ലെങ്കില്‍ തോട്ടം ഒഴിയണമെന്നും നോട്ടിസിലുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്‌പെഷ്യല്‍ ഓഫിസറെ നിയമിച്ചത്.
അനധികൃത തോട്ടഭൂമി എറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ശുപാര്‍ശ സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അടുത്തിടെ കൈമാറിയിരുന്നു. ഇവ ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ശുപാര്‍ശയിലുണ്ടായിരുന്നു.
ഇന്‍ഡിപെന്‍ഡക്‌സ് ആക്ട് 1947, ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് 1947, 1973, ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956, കേരളാ ഭൂപരിഷ്‌കരണ നിയമം 1963 എന്നിവ ലംഘിച്ച് അഞ്ചുലക്ഷം ഏക്കര്‍ ഭൂമിവരെ അനധികൃതമായി കൈയേറിയിട്ടുണ്ടെന്ന് ശുപാര്‍ശയോടൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ബ്രിട്ടിഷ് കമ്പനികളുടെ പേരിലുള്ള ഭൂമി തദ്ദേശീയരുടെ പേരില്‍ കൃത്രിമമായി മാറ്റിയാണ് പല കൈയേറ്റങ്ങളും നടന്നിട്ടുള്ളത്. ഇത്തരത്തില്‍ ഹാരിസണ്‍ കമ്പനി കൈവശം വച്ചിരുന്ന 40,000 ഏക്കര്‍ ഭൂമി സ്‌പെഷ്യല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നേരത്തേ ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."