ഓടയും നടപ്പാതയും നിര്‍മിക്കും: ജി. സുധാകരന്‍
ആലപ്പുഴ: നടപ്പാതയും ഓടയുമില്ലാത്ത പൊതുമരാമത്ത് റോഡുകള്‍ ഇനി കേരളത്തില്‍ ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നഗര റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓടയും കാല്‍നട യാത്രക്കാര്‍ക്കുള്ള പാതയുമില്ലാതെ പൊതുമരാമത്ത് റോഡുകള്‍ നിര്‍മിക്കില്ല. ഓടകളില്ലാത്ത റോഡുകളില്‍ അവ നിര്‍മിക്കും. റബര്‍, പ്ലാസ്റ്റിക്, ജിയോ ടെക്‌സ്റ്റൈല്‍സ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണ സാധ്യതയാണ് പരിഗണിക്കുന്നതെന്നും വര്‍ഷങ്ങളോളം ഈടുനില്‍ക്കുന്ന നിലയില്‍ റോഡുകള്‍ ശാസ്ത്രീയമായി നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബജറ്റിനു പുറമേ നിന്നു പണം കണ്ടെത്തും. 80 ശതമാനം പദ്ധതികളും അഞ്ചു വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍കോട് നഗരങ്ങളെ നഗര റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. പാതയോര സംരക്ഷണത്തിന് നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."