ഇടവപ്പാതി: കേരളത്തിന്റെ നഷ്ടം 100 കോടി കവിഞ്ഞു
സംസ്ഥാനത്ത് 16 പേര്‍ മരിച്ചു 3,057 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: ഇടവപ്പാതി മഴയില്‍ മുങ്ങിയ സംസ്ഥാനത്തിന്റെ നഷ്ടം നൂറുകോടി കവിഞ്ഞു. 16 ജീവനുകളാണ് പ്രളയത്തില്‍ പൊലിഞ്ഞത്. സംസ്ഥാനത്താകെ 3057 വീടുകള്‍ തകര്‍ന്നു. വീടുകള്‍ തകര്‍ന്നതു വഴിയുള്ള നഷ്ടം 29.11 കോടി രൂപയാണ്. ഇതില്‍ 111 വീടുകള്‍ പൂര്‍ണമായും 2,946 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 1.13 കോടിയുടെയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 27.98 കോടിയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 13 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കൊല്ലത്ത് പ്രാദേശിക ചുഴലിക്കാറ്റും (ഗസ്റ്റനാഡോ) റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 12 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. നിലവില്‍ മണ്‍സൂണ്‍ ആരംഭിച്ച് 20 ദിവസം കഴിഞ്ഞപ്പോഴുള്ള നഷ്ടത്തിന്റെ കണക്കാണിത്. തിരുവനന്തപുരം ജില്ലയില്‍ ഒന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആലപ്പുഴ 10.4 കോടി, കൊല്ലം-അഞ്ച് കോടി, കോട്ടയം-3.52 കോടി, പത്തനംതിട്ട-1.50 കോടി, പാലക്കാട്-15 ലക്ഷം, വയനാട്-അഞ്ച് ലക്ഷം, എറണാകുളം-മൂന്ന് കോടി, തൃശ്ശൂര്‍-രണ്ട് കോടി, കാസര്‍കോട്-60 ലക്ഷം, കണ്ണൂര്‍-3.49 കോടി, കോഴിക്കോട്-91.26 ലക്ഷം, ഇടുക്കി-നാല് കോടി, മലപ്പുറം-2.90 കോടി എന്നിങ്ങനെയാണ് നഷ്ടം. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മത്സ്യബന്ധനോപാധികളും നശിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ കണക്കുപ്രകാരം 15 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കൃഷി വകുപ്പിന്റെ നാശനഷ്ടക്കണക്കുകള്‍ പൂര്‍ത്തിയായിട്ടില്ല. ഏകദേശം 20 കോടിയുടെ നഷ്ടം കണക്കാക്കപ്പെടുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെ നഷ്ടം കണക്കാക്കിവരുന്നുണ്ട്. ജീവഹാനിയുണ്ടായിട്ടില്ലെങ്കിലും വീടുകളും കൃഷിയിടങ്ങളും തകര്‍ന്നിട്ടുണ്ട്. കൊല്ലത്തുണ്ടായ പ്രാദേശിക ചുഴലിക്കാറ്റില്‍ 49 ഓളം വീടുകള്‍ തകര്‍ന്നു. ഇതില്‍ അഞ്ചെണ്ണം പൂര്‍ണമായും തകര്‍ന്നു. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കു പകരമായി പ്രീ-ഫാബ് വീടുകള്‍ സര്‍ക്കാര്‍ നല്‍കി.
കാലവര്‍ഷ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം. ദുരന്തത്തില്‍ പരുക്കു പറ്റുന്നവര്‍ക്ക് അവരുടെ ചികിത്സയ്ക്കായി പരുക്കിന്റെ ഗുരുതരാവസ്ഥയനുസരിച്ച് ധനസഹായം നല്‍കും. ഇത് രണ്ടുലക്ഷം രൂപയില്‍ കുറയാത്ത ധനസഹായമായിരിക്കും. പൂര്‍ണമായി തകര്‍ന്ന വീടിന് 1,01,900 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
ഭാഗികമായി തകര്‍ന്ന വീടിന് 95,000 രൂപയും. ദുരിതാശ്വാസ ക്യാംപുകളിലെ ആളുകളുടെ എണ്ണം അനുസരിച്ച് അഞ്ച് ലക്ഷത്തില്‍ കുറയാതെ ഫണ്ടനുവദിക്കും. കൃഷി നാശനഷ്ടത്തിന് ഹെക്ടറിന് 14,000 മുതല്‍ 18,000 വരെയാണ് നഷ്ട പരിഹാരം നല്‍കുക. കന്നുകാലികളുടെ നഷ്ടത്തിന് 4,000, മുതല്‍ 30,000 വരെയാണ് നഷ്ടപരിഹാരം. മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ 12,000 മുതല്‍ 20,000 വരെ നല്‍കും. വീട്ടുപകരണങ്ങളുടെ നഷ്ടത്തിന് 2,000 മുതല്‍ 5,000 വരെയും, വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 1,800 മുതല്‍ 3,500 വരെയുമാണ് നഷ്ടപരിഹാരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."