കുമ്പളങ്ങി കോവിലകം കുളം കൈയേറിയുള്ള നിര്‍മാണം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം
പള്ളുരുത്തി: പൗരാണിക സ്വത്തായ കുമ്പളങ്ങി കോവിലകം കുളവും പരിസരവും കൈയേറി സ്ഥാപിച്ച നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം. ഫോര്‍ട്ടുകൊച്ചി അഡീഷണല്‍ തഹസില്‍ദാരാണ് കൈയേറ്റം നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വാശ്രയ സെക്രട്ടറി കെ.പ്രഭാകരന് ഹൈക്കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് അധികൃതരുടെ നടപടി.
കോവിലകം കൊട്ടാരത്തിന്റെ ഭൂസ്വത്തുക്കളില്‍ പെടുന്ന കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്ഥലത്ത് 28 സെന്റില്‍ സ്ഥിതി ചെയ്യുന്ന തെളിനീര് നിറഞ്ഞു നില്ക്കുന്ന കുളവും പരിസരവും ഉള്‍പ്പെടെ അര ഏക്കറോളം വരുന്ന ഭൂമി കൈയേറിയാണ് കുരിശടിയും കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു പരാതി.
മത സ്ഥാപനം നടത്തിയ കൈയേറ്റമായതിനാല്‍ രാഷ്ട്രീയക്കാരും ഇതിനെതിരേ പ്രത്യക്ഷ പരാതിയുമായി എത്തിയില്ല. തുടര്‍ന്ന് സ്വാശ്രയ സെക്രട്ടറി കെ.പ്രഭാകരന് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ജില്ലാ സര്‍വെയറാണ് കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തിയത്. 15 ദിവസത്തിനകം ഭൂമി ഒഴിയണമെന്നും പൊതുസ്ഥലം കൈയേറിയതിനു പിഴ നല്‍കണമെന്നും റവന്യൂ വകുപ്പ് നിര്‍ദേശത്തില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."