കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് 104ന്റെ ചെറുപ്പം
പള്ളുരുത്തി: കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് 104ന്റെ ചെറുപ്പം. നാടക നടനായും ഗായകനായും അരങ്ങില്‍ വെട്ടിത്തിളങ്ങിയ അദ്ദേഹം പഴയകാലഘട്ടത്തിന്റെ യൗവന യുക്തനായ നായകനാണ് താനിപ്പോഴും എന്ന് തമാശയായി പറയുമ്പോഴും അതില്‍ അല്‍പം പോലും സംശയം വേണ്ടാ എന്ന് തോന്നിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജീവിത രീതി.
പെരുമ്പടപ്പിലെ ഭാഗവതരുടെ മകന്റെ വീട്ടില്‍ ഇന്നലെ പിറന്നാള്‍ ആഘോഷിച്ചു. വിശിഷ്ട വ്യക്തികള്‍ ആരും തന്നെ പിറന്നാള്‍ ആഘോഷത്തിന് എത്തിയില്ലെങ്കിലും ഭാഗവതരുടെ വീട്ടിലെ ഫോണ്‍ ഇടതടവില്ലാതെ ആശംസകള്‍ അറിയിക്കാന്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു. ഗായകന്‍ കൊച്ചിന്‍ വര്‍ഗീസും നാടക നടന്‍ ഇടക്കൊച്ചി ഷണ്‍മുഖനും ആശംസകളുമായെത്തി. ഭാര്യ ബേബി, മകന്‍ സാബു, മരുമകള്‍ ഷൈനി എന്നിവര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് വിതരണം ചെയ്തു.
ഏഴാം വയസില്‍ വേദ മണി എന്ന നാടകത്തില്‍ ബാലതാരമായാണ് ഭാഗവതര്‍ അരങ്ങേറ്റം കുറിക്കുന്നത്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഭാഗവതര്‍ക്കുണ്ടായിരുന്നത്. മിശിഹാ ചരിത്രം എന്ന നാടകത്തില്‍ മഗ്ദലന മറിയത്തെ അവതരിപ്പിച്ച് കൈയടി നേടി. അക്കാലത്ത് സ്ത്രീ വേഷം കെട്ടുന്നതും പുരുഷന്‍മാര്‍ തന്നെയായിരുന്നു. തിക്കുറിശ്ശിയുടെ നാടകസംഘത്തില്‍ ഏറെക്കാലം പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചു.
തിക്കുറിശ്ശി വില്ലന്‍ വേഷത്തിലും ഭാഗവതര്‍ നായകനായും അഭിനയിച്ച നാടകം ഒരു ദിവസം തന്നെ പല വേദികളിലും അവതരിപ്പിച്ചു. അഭിനയിക്കുന്നവര്‍ പാട്ടു പാടുകയും കൂടി വേണമെന്നുള്ളതിനാല്‍ അക്കാലത്ത് ഭാഗവതര്‍ ഇല്ലാതെ നാടകം നടത്താന്‍ പറ്റില്ലെന്ന സാഹചര്യം പോലും വന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്റെടുക്കല്‍... വന്നടുക്കും പെമ്പറന്നോരെ എന്ന ഗാനം പാടിയതോടെ പല ചിത്രങ്ങളിലും പാടാന്‍ ഭാഗവതര്‍ക്ക് ക്ഷണം വന്നു. ഈ പ്രായത്തിലും പഴയകാര്യങ്ങള്‍ കൃത്യതയോടെ ഓര്‍ത്തെടുക്കുന്നതിനും ഭാഗവതര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ദിവസേനയുള്ള നടപ്പിനും സമയം കണ്ടെത്തുന്നു. വീട്ടില്‍ എത്തിയ ചില ബന്ധുക്കളുടേയും അയല്‍വാസികളുടേയും നിര്‍ബന്ധ പ്രകാരം ഭാഗവതര്‍ പാടി....' സോജാ.. രാജകുമാരി.....' ഭാഗവതരുടെ വേദികളിലെ മാസ്റ്റര്‍ പീസ് ഗാനത്തിന്റെ വരികള്‍ കേട്ട് കൂടി നിന്നവര്‍ താളം പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."