HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിതരണം നിര്‍ത്തിവയ്ക്കും: മന്ത്രി
backup
March 30 2020 | 23:03 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ വാങ്ങാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്. കൊവിഡ് പടരുന്നതിനാല്‍ സാമൂഹികഅകലം പാലിക്കണമെന്ന് പറയുമ്പോഴും നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ ബാങ്കുകളിലെത്തി. തിരുവനന്തപുരത്ത് കാട്ടാക്കടയിലും നെടുമങ്ങാടും ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തെ തീരദേശമേഖലകളിലും സമാനമായിരുന്നു അനുഭവം. ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിക്കണമെന്ന് എഴുതിനല്‍കാത്തവരാണ് പണം ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കൂട്ടമായി എത്തിയത്. തിരക്ക് നിയന്ത്രണാതീതമായതോടെ ടോക്കണ്‍ നല്‍കി ബാങ്കിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെ തിരക്ക് നിയന്ത്രിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളില്‍ ജീവനക്കാരുടെ എണ്ണം കുറവായതും പെന്‍ഷന്‍ വിതരണം വൈകുന്നതിനിടയാക്കി.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലിസാണ് തിരക്ക് നിയന്ത്രിച്ചത്. പെന്‍ഷന്‍ വാങ്ങാന്‍ ഇത്ര തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നിയന്ത്രണങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇന്നുമുതല്‍ പ്രത്യേക ക്രമീകരണമുണ്ടാകും. മുന്‍കരുതല്‍ എടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും രണ്ടാം തിയതി തുടങ്ങുന്ന സര്‍വിസ് പെന്‍ഷന്‍ വിതരണം പത്തു ദിവസമായി ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും നിശ്ചിത ആളുകള്‍ക്കു മാത്രമായി പെന്‍ഷന്‍ വിതരണം ചുരുക്കണം. പകരം കൂടുതല്‍ ദിവസം പെന്‍ഷന്‍ വിതരണം ചെയ്യണം. വിഷുവിനു മുന്‍പ് ക്ഷേമപെന്‍ഷന്റെ രണ്ടാംഗഡു വിതരണം ചെയ്യുമ്പോഴും സര്‍ക്കാര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചത്. രണ്ടുമാസത്തെ പെന്‍ഷനാണ് അക്കൗണ്ടുകളിലെത്തിയത്. അവധിക്കുശേഷം ഇന്നലെ ബാങ്ക് തുറന്നതോടെ ജനം കൂട്ടത്താടെ എത്തുകയായിരുന്നു. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."