ഉപതെരഞ്ഞെടുപ്പ് തോല്‍വി: 'കാരണം അഴിമതിയും മന്ത്രിമാരുടെ കഴിവുകേടും'- കുറ്റപ്പെടുത്തലുമായി ബി.ജെ.പി എം.എല്‍.എമാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂര്‍പൂര്‍ മണ്ഡലങ്ങള്‍ നഷ്ടപ്പെട്ട ബി.ജെ.പിയില്‍ പൊട്ടിത്തെറി. രണ്ട് പാര്‍ട്ടി എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. അനിയന്ത്രിതമായ അഴിമതിയും കഴിവുകെട്ട മന്ത്രിമാരുമാണ് തോല്‍വിക്ക് കാരണമെന്ന് എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി.
ഗോപമാവു എം.എല്‍.എ ശ്യാംപ്രകാശ് ഫെയ്‌സ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. 'ആദ്യം ഗൊരഘ്പൂരില്‍ നഷ്ടമുണ്ടായപ്പോള്‍ പാര്‍ട്ടിക്ക് സങ്കടമുണ്ടായി. പിന്നീട് ഫുല്‍പൂര്‍, ഇപ്പോഴിതാ കൈരാന, നൂര്‍പൂര്‍'- എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാസ്തവത്തില്‍ മോദിയുടെ പേരില്‍ ഭരണം കിട്ടിയെങ്കിലും പൊതുജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് നീങ്ങാനാവുന്നില്ല. നിയന്ത്രണം ആര്‍.എസ്.എസിന്റെയും സംഘടയുടെയും കരങ്ങളിലായതിനാല്‍ മുഖ്യമന്ത്രി നിസ്സഹായനാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മിക്ക എം.എല്‍.എമാര്‍ക്കുമുള്ള വികാരമാണ് പങ്കുവച്ചതെന്ന് പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മുന്നില്‍ ഇക്കാര്യം നിരവധി തവണ സൂചിപ്പിച്ചെങ്കിലും ഉറപ്പുതരുന്നല്ലാതെ മറ്റു നടപടികളില്ല. 2019 ല്‍ പാര്‍ട്ടി നല്ല നിലയിലാവണമെന്നാണ് ആഗ്രഹമെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും പ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."