ഐലന്‍ കുര്‍ദിയുടെ കണ്ണുനീര്‍
ഐലന്‍, വിജനമീ തീരത്ത്
നിശ്ചലനായുപ്പു മണലില്‍ നീ കിടക്കവേ,
നിരാശ്രയം നിന്റെ കണ്ണീരും തുടു-
വേര്‍പ്പുമീക്കടല്‍ വെള്ളം പോലെ പെരുകുന്നുവോ ?
വാമനപാദത്താല്‍ നിഷ്‌കാസിതനായിത്തീര്‍ന്നൊരു
മാബലി തന്‍ നിസഹായതയോ നീ?
ഭരണലഹരി വെടിഞ്ഞു കാനനം പൂകിയ
രാമന്റെയാദര്‍ശമോ നീ?
അമൃതജന്മത്തിന്‍ മധുരിമ മടുത്തു
സരയുവില്‍ ജലസമാധിയിലേക്കാണ്ടൊരു ദര്‍ശനമോ?
സുഖസമൃദ്ധി നിഷ്‌കരുണം തള്ളി
ജനങ്ങളിലേക്കിറങ്ങിയ ഗൗതമകാമനയോ നീ?
ഒറ്റച്ചിലമ്പെറിഞ്ഞ് മധുരാപുരി വിട്ടകന്ന
കണ്ണകി തന്നാത്മരോദനം കേള്‍ക്കുന്നുവോ?
ഹെറോദേസിന്റെയാജ്ഞയാല്‍ നസറായനനായൊരു
പുണ്യയേശുവിന്‍ സങ്കല്‍പനമോ നീ?
പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്‌തോരു
വിശുദ്ധ മുഹമ്മദിന്‍ മൗനം നീ?
ഓഷ്വിറ്റ്‌സ് ചുടലയില്‍ ഊഴം കാത്തുനിന്ന
ജൂതന്റെ ഹൃദന്തസ്പന്ദനമോ?
വിഭജന മുറിവാല്‍ വിരണ്ടു പാഞ്ഞൊരു
വംഗദേശത്തിന്‍ ഗദ്ഗദമോ നീ?
ഡീഗോ ഗാര്‍ഷ്യയില്‍നിന്നു പുറന്തള്ളപ്പെട്ട
മണ്ണിന്‍ മകനോ നീ?
സ്വഭൂമി കൈവിട്ടു തലചായ്ക്കാനൊരടി മണ്ണിനായലയുന്ന
റോഹിംഗ്യതന്‍ ദീനവിലാപം നീ?
ജീവിതത്തില്‍ നിന്നമരമാം
കവിതയിലേക്കൊളിച്ചോടുന്ന ഞാനോ,
ജീവനത്തില്‍നിന്നനശ്വര
മൃതിയിലേക്കലിയുന്ന ഞാനോ നീ?
അഭയാര്‍ഥി നീയോ നിന്നെ നാടുകടത്തി,
വാതില്‍ കൊട്ടിയടച്ചോരരാജത്വമോ?
നിഷ്പന്ദം നിന്നധരങ്ങളില്‍നിന്ന്
പരക്കുന്ന മൗനത്തില്‍ മുങ്ങുന്നു വിശ്വവും ഞാനും.
1. ഐലന്‍ കുര്‍ദി: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നു
പലായനം ചെയ്യുമ്പോള്‍ മരണപ്പെട്ട അഭയാര്‍ഥി ബാലന്‍.
2.ഓഷ്വിറ്റ്‌സ്: നാസികളുടെ വിഷവാതക ക്യാംപ്.
3. ഡീഗോ ഗാര്‍ഷ്യ : അറബിക്കടലിലെ അമേരിക്കന്‍ സൈനികത്താവളമായ ദ്വീപ്. തദ്ദേശവാസികളെ നാടുകടത്തിയ ശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."