1371 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം
തിരുവനന്തപുരം: 1,371 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. മലയോര ഹൈവേ, സുവോളജിക്കല്‍ പാര്‍ക്ക്, താലൂക്ക് ആശുപത്രികളുടെ നിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ നടന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആറ് പദ്ധതികള്‍ക്കായി 1030.46 കോടി രൂപയുടെ അംഗീകാരം നല്‍കി. വെള്ളിയാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 341.46 കോടിയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിരുന്നു. ആലപ്പുഴ ചെട്ടിക്കാട് താലൂക്ക് ആശുപത്രി നിര്‍മാണത്തിനു 104.55 കോടി, തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 113.29 കോടി, എറണാകുളം സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മാണത്തിന് 450.11 കോടി, നിലമ്പൂരില്‍ മലയോര ഹൈവേ വികസനത്തിന് 115.40 കോടി, മലപ്പുറത്ത് മലയോര ഹൈവേയുടെ പൂക്കോട്ടുപാടം- കേരള എസ്‌റ്റേറ്റ്- കിഴക്കേത്തല- ചിറക്കല്‍ റീച്ച് നിര്‍മാണത്തിന് 103.11 കോടി, കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേ കോടഞ്ചേരി- കക്കാടംപൊയില്‍ റീച്ച് നിര്‍മാണത്തിന് 144 കോടി എന്നീ പദ്ധതികള്‍ക്കാണ് ഡയരക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതോടെ മലയോര ഹൈവേയുടെ 431 കിലോമീറ്ററിനു ഭരണാനുമതിയായി. ഇനി അംഗീകാരം നല്‍കാനുള്ളത് നാലു റീച്ചുകള്‍ക്കുകൂടിയാണ്. മലയോര ഹൈവേക്കായി ഇതുവരെ 500 കോടിയോളം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
മലയോര ഹൈവേയുടെ ഡിസൈന്‍ സംബന്ധിച്ച മാന്വലും യോഗം അംഗീകരിച്ചു. ഇതു പ്രകാരം സാധ്യമായിടത്തെല്ലാം നടപ്പാതയൊരുക്കും. പാതയോരങ്ങളില്‍ പ്ലാവും കണിക്കൊന്നയും വച്ചുപിടിപ്പിക്കും. കിഫ്ബി വഴി നടപ്പാക്കുന്ന റോഡുകളില്‍ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, ആധുനിക സൗകര്യമുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍, വൈഫൈ സൗകര്യം, സോളാര്‍ ലൈറ്റുകള്‍, പാര്‍ക്കിങ് ഏരിയ എന്നിവ ഉറപ്പാക്കാന്‍ എസ്.പി.വികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തീരദേശ ഹൈവേയുടെ പുതിയ രൂപരേഖയ്ക്കും അംഗീകാരം നല്‍കി.
റോഡിനോടനുബന്ധിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൈക്കിള്‍ ട്രാക്ക് നിര്‍മിക്കും. ഇതു ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ ട്രാക്കായിരിക്കും. തീരദേശ ഹൈവേക്ക് ആവശ്യമായ നാലിലൊന്ന് സ്ഥലം ഇതുവരെ ലഭ്യമായിട്ടുണ്ട്. വീതികൂട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത പ്രദേശങ്ങളില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കും.
കിഫ്ബി ഇതുവരെ 23,414.4 കോടി രൂപയുടെ 383 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതില്‍ 7,821.98 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. അംഗീകാരം നല്‍കിയ 54.37 ശതമാനം പദ്ധതികള്‍ക്ക് ടെന്‍ഡറായിട്ടുണ്ട്. 3,925.32 കോടിയുടെ പദ്ധതികള്‍ക്കു കരാറായി. 301.17 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് എന്നിവ വഴി ലഭിക്കുന്ന തുകയില്‍ കിഫ്ബിക്ക് ലഭിക്കേണ്ട തുക ഓരോ ദിവസവും ലഭ്യമാക്കും. മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നതിന്റെ തുടര്‍ നടപടികള്‍ക്ക് ഏജന്‍സികളെ നിയമിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ജൂലൈ ആദ്യവാരത്തില്‍ ബോണ്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."