ഡല്‍ഹിയില്‍ എ.എ.പിയുമായി സഹകരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളി
ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യംചേര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കര്‍ണാടകയില്‍ മതേതരജനതാദളുമായി (ജെ.ഡി.എസ്) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും പിന്നാലെ യു.പിയിലെ കൈരാനയിലും ഫുല്‍പൂരിലും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ചെയ്തതിനുപിന്നാലെയാണ് ബി.എസ്.പിയെ കൂട്ടി മധ്യപ്രദേശില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് മിശ്രയ്ക്കും ബി.എസ്.പി നേതാവ് മായാവതിക്കും ഇടയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. മധ്യപ്രദേശില്‍ മായാവതിയുടെ പാര്‍ട്ടി ഏറെക്കുറേ സജീവമാണ്.
ഏഴുശതമാനം വോട്ടുകളും ഇവിടെ ബി.എസ്.പിക്കുണ്ട്. കോണ്‍ഗ്രസിന് 36 ശതമാനവും ഉണ്ട്. ഈ രണ്ടുവോട്ടിങ് നിലയും ചേര്‍ന്നാല്‍ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ഒന്നുകില്‍ വ്യവസ്ഥകളോടെ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക, അല്ലെങ്കില്‍ മുന്നണി രൂപീകരിക്കാതെ ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സംയുക്തസ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നീ രണ്ടു ആശയങ്ങളാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്.
സമാന മനസ്‌കരായ കക്ഷികളുമായിചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കമല്‍നാഥ് മിശ്ര അറിയിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നും അതിനു മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മധ്യപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപക് ബബാരിയ പറഞ്ഞു.
2003ലെ തെരഞ്ഞെടുപ്പില്‍ മൂന്നുസീറ്റുകളില്‍ വിജയിച്ച ഗൊണ്ടുവാന ഗന്‍താന്ത്ര പാര്‍ട്ടി (ജി.ജി.പി) സഖ്യംചേരാന്‍ തയാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസിനെ ഇങ്ങോട്ട് സമീപിച്ചിട്ടുണ്ട്.
പൊതുവെ ആരുമായും സഖ്യംചേരാതെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന കക്ഷിയാണ് ബി.എസ്.പിയെങ്കിലും മധ്യപ്രദേശിനുപുറമെ നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായ ചത്തിസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പാര്‍ട്ടി താല്‍പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍, ചത്തിസ്ഗഡിലും രാജസ്ഥാനിലെയും കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അറിവായിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 ശതമാനം വോട്ട് വിഹിതത്തോടെ 165 സീറ്റുമായാണ് ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസ് 58ഉം ബി.എസ്.പി നാലിടത്തും വിജയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്.
ഈ വര്‍ഷം ഡിസംബറിലാവും മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. അടുത്തവര്‍ഷം ജനുവരി ഏഴിനാണ് സംസ്ഥാനത്ത് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് കൂടിയാവും മധ്യപ്രദേശിലേത്. കര്‍ഷകപ്രക്ഷോഭവും കടുത്ത ഭരണവിരുദ്ധ വികാരവും നിലനില്‍ക്കുന്ന സംസ്ഥാനത്ത് അടുത്തിടെ നടന്ന സര്‍വേയില്‍ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 119ഉം ബി.ജെ.പിക്ക് 101ഉം സീറ്റുകളാണ് ഐ.ബി.സി 24 പ്രവചിച്ചിരുന്നത്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒന്നിച്ചുനില്‍ക്കാന്‍ എ.എ.പിയും കോണ്‍ഗ്രസും തമ്മില്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ എ.എ.പി കോണ്‍ഗ്രസിനെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട്‌ചെയ്തത്.
തലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ ഏഴു ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഏഴിലും കഴിഞ്ഞതവണ ബി.ജെ.പിയാണ് വിജയിച്ചതും. ഇക്കുറി അഞ്ചുസീറ്റില്‍ തങ്ങളും രണ്ടുസീറ്റില്‍ കോണ്‍ഗ്രസും എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മല്‍സരിക്കാമെന്നതാണ് എ.എ.പി മുന്നോട്ടുവച്ചത്. ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ്ഡല്‍ഹി എന്നീ മൂന്നുസീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
എന്നാല്‍ വാര്‍ത്തകള്‍ കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷന്‍ അജയ് മാക്കന്‍ നിഷേധിച്ചു. എ.എ.പിയുമായി സഖ്യം സാധ്യമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."