വികസന പ്രതീക്ഷകള്‍ മങ്ങി അഞ്ചരക്കണ്ടി
അഞ്ചരക്കണ്ടി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ മുന്നോട്ട് പോവുമ്പോഴും തൊട്ടടുത്ത ടൗണായ അഞ്ചരക്കണ്ടിയുടെ വികസനപ്രതീക്ഷകള്‍ മങ്ങുന്നു.
മേലെചൊവ്വ-ഏച്ചൂര്‍ മട്ടന്നൂര്‍ റോഡ് പ്രധാന പാതയായി പ്രഖ്യാപനം വന്നിട്ടും തുടക്കത്തില്‍ പറഞ്ഞു കേട്ട സമാന്തര പാതയായ താഴെചാവ്വ-കാപ്പാട് അഞ്ചരക്കണ്ടി റോഡ് വികസനത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വീതി കുറഞ്ഞ റോഡും വാഹനപ്പെരുപ്പവും കാരണം അഞ്ചരക്കണ്ടിയില്‍ ഗതാഗതകുരുക്ക് നിത്യസംഭവമാണ്. മമ്പറം-ചാലോട്, കണ്ണൂര്‍-മട്ടന്നൂര്‍ റോഡുകള്‍ സംഗമിക്കുന്നത് ഇവിടെയാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളജ്, ചരിത്ര സ്മാരകമായി അഞ്ചരക്കണ്ടി രജിസ്ട്രാര്‍ ഓഫിസ് തുടങ്ങി നിലവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളുടെ പരിധിയിലാണ് പ്രദേശം. വിമാനത്താവളം വരുന്നതോടെ വ്യാവസായിക, കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
അനുദിനം വര്‍ധിക്കുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്ത് സുഗമമായ ഗതാഗത സൗകര്യം ഒരുക്കാനാവശ്യമായ നടപടികള്‍ ഇനിയും ആസൂത്രണം ചെയ്തിട്ടില്ല. പ്രധാന പാലമായ തട്ടാരിപാലത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള മണ്ണുപരിശോധന നടത്തി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ട് ഏഴുവര്‍ഷം കഴിഞ്ഞെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയിലാണ്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച വീതി കുറഞ്ഞ ഈ പാലത്തിലൂടെ തന്നെയാണ് ഇന്നും വാഹനങ്ങള്‍ ഓടുന്നത്.
ഒരു സമയം ഒരു വശത്തുനിന്നുളള വാഹനങ്ങള്‍ക്ക് മാത്രമെ ഈ പാലത്തിലൂടെ കടന്നുപോവാന്‍ കഴിയുകയുള്ളു. സ്ഥലപരിമിതി കാരണം മമ്പറം റോഡരികിലാണ് നൂറുകണക്കിന് ഓട്ടോകള്‍ പാര്‍ക്കുചെയ്യുന്നത്. മറ്റു ചരക്ക് വാഹനങ്ങള്‍ കണ്ണൂര്‍ റോഡരികിലും പാര്‍ക്ക് ചെയ്യുന്നു. അഞ്ചരക്കണ്ടിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിശാലമായ വികസന പദ്ധതി രൂപീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."