ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം
മനാമ: ബഹ്‌റൈനില്‍ നടന്ന ദേശീയ ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയുടെ പേരില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ മനഃപാഠ മത്സരത്തിലാണ് ഹാഫിളുകളായ 500 പേരെ പിന്തള്ളി കണ്ണൂര്‍ സ്വദേശിയായ ദര്‍വീശ് അലി ഉജ്ജ്വല വിജയം നേടിയത്. ഇന്ന് വൈകിട്ട് ബഹ്‌റൈനിലെ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ചടങ്ങില്‍ ദര്‍വീശ് അലിക്ക് അവാര്‍ഡ് സമ്മാനിക്കും.
ഹിഫ്‌ള് പഠന കാലത്തു തന്നെ ബഹ്‌റൈനിലെ വിവിധ പള്ളികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ദര്‍വീശ് ഇതിനകം ബഹ്‌റൈനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ സുപരിചിതനാണ്. ബഹ്‌റൈന്‍ മതകാര്യവകുപ്പിനു കീഴിലുള്ള രാജ്യത്തെ പ്രമുഖ പള്ളികളില്‍ നടക്കുന്ന ഇത്തരം നിസ്‌കാരങ്ങള്‍ ഈ വര്‍ഷവും നടന്നു കൊണ്ടിരിക്കയാണ് ദര്‍വീശിന്റെ വിജയവാര്‍ത്ത എത്തിയത്. സ്‌കൂള്‍ പഠനത്തോടൊപ്പം നാലു വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് ദര്‍വീശ് ഖുര്‍ആന്‍ ഹിഫ്‌ള് പഠനം പൂര്‍ത്തീകരിച്ചത്.
തങ്ങളുടെ മകന് ഇരുലോകത്തും ഗുണകരമായ വഴി വിശുദ്ധ ഖുര്‍ആനിന്റെ വഴിയാണെന്ന തിരിച്ചറിവുണ്ടായതു കൊണ്ടാണ് ഈ മാര്‍ഗത്തിലേക്ക് അവനെ വഴി തിരിച്ചു വിടാനായതും അതില്‍ ഉന്നത വിജയം നേടാനായതുമെന്ന് പണ്ഡിതന്‍ കൂടിയായ പിതാവ് മഹ്മൂദ് മുഹമ്മദലി മുസ്‌ലിയാര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ഉപരിപഠനം നടത്തിയ മഹ്മൂദ് മുഹമ്മദലി മുസ്‌ലിയാരും കുടുംബവും നാലുപതിറ്റാണ്ടായി ബഹ്‌റൈന്‍ പൗരത്വം നേടി സല്‍മാബാദിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."