ഡി.ജി.പി വരുത്തിയ അധികച്ചെലവ് കൊവിഡിന്റെ മറവില്‍ ക്രമപ്പെടുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനവും ആശങ്കയും നിലനില്‍ക്കുന്നതിന്റെ മറവില്‍, സംസ്ഥാന പൊലിസ് മേധാവി വരുത്തിയ അധികച്ചെലവ് ക്രമപ്പെടുത്തി നല്‍കി സര്‍ക്കാര്‍. 6,97,42,000 രൂപയുടെ അധിക പര്‍ച്ചേസിന് അനുമതി ചോദിച്ചു കൊണ്ട് സംസ്ഥാന പൊലിസ് മേധാവി നല്‍കിയ കത്ത് സ്വീകരിച്ചാണ് ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനങ്ങളുടെ വേഗത രേഖപ്പെടുത്തുന്നതിനുള്ള കാമറകള്‍ സ്ഥാപിച്ചതിനും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി കെല്‍ട്രോണിന് കൈമാറുന്നതിന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാതെയാണ് കൊവിഡിന്റെ സാഹചര്യത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അധികമായി വന്ന ചെലവ് ക്രമപ്പെടുത്തി നല്‍കണമെന്നും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു.
പൊലിസിലെ ഉന്നതരും കെല്‍ട്രോണും വിവിധ സ്വകാര്യ കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന സിംസ് പദ്ധതി ഉപേക്ഷിക്കാന്‍ പൊലിസ് തീരുമാനിച്ചത്.
അനുവദനീയമായതിലും കൂടുതല്‍ തുക ചെലവഴിക്കുകയും അത് പിന്നീട് ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി ക്രമപ്പെടുത്തി നല്‍കുന്നതിനുമെതിരേ പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു. എന്നിട്ടും, പുതിയ സാഹചര്യത്തില്‍ ഡി.ജി.പി. നടത്തിയ അധികച്ചെലവ് സര്‍ക്കാര്‍ ക്രമപ്പെടുത്തി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."