പൊതുപ്രവര്‍ത്തകന്റെ ഫലം വീണ്ടും നെഗറ്റീവ്; ജാഗ്രത തുടരുന്നു
സ്വന്തം ലേഖകന്‍
തൊടുപുഴ: ഇടുക്കിയില്‍ കൊവിഡ് -19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്റെ പരിശോധനാ ഫലം രണ്ടാമതും നെഗറ്റീവായി. ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷനില്‍ നിന്ന് വീട്ടിലേക്ക് മാറ്റുന്ന കാര്യം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നശേഷം തീരുമാനിക്കും. ആശുപത്രി വിട്ടാല്‍ 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റിവാണ്.
ആദ്യമെടുത്ത സ്രവ ഫലം കഴിഞ്ഞ 26 ന് ലഭിച്ചപ്പോഴാണ് പോസിറ്റിവായത്. 26ന് എടുത്ത ഫലം 28ന് വന്നപ്പോള്‍ നെഗറ്റിവ്. 29ന് എടുത്ത സ്രവത്തിന്റെ ഫലമാണ് ഇന്നലെ ലഭിച്ചത്. തുടര്‍ച്ചയായ രണ്ട് ഫലങ്ങളും നെഗറ്റിവായി ഇദ്ദേഹം രോഗമുക്തനായി എത്തുന്നത് ആശ്വാസമാണ്. ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടിഷ് വിനോദ സഞ്ചാരിയും രോഗ മുക്തനായിരുന്നു. രണ്ടാമത് രോഗം സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പ്രവാസിയായ യുവാവിന്റെ രണ്ടാമത്തെ ഫലം നെഗറ്റിവാണ്. അതേസമയം പൊതുപ്രവര്‍ത്തകനായ എ.പി ഉസ്മാനില്‍ നിന്ന് രോഗം പകര്‍ന്ന ചുരുളി സ്വദേശിയും ബൈസണ്‍വാലി സ്വദേശി അധ്യാപികയും ഐസൊലേഷനില്‍ തുടരുകയാണ്. ഇവര്‍ രണ്ട് പേരും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുമാരമംഗലം സ്വദേശി തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്.
ഇടുക്കിയിലാകെ 2737 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1600 പേരും എ.പി ഉസ്മാനുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരാണ്. അടുത്ത ദിവസങ്ങളിലായി 140 പേരുടെ സ്രവ സാംപിളുകളാണ് ശേഖരിച്ചത്. ഇതില്‍132 പേരുടെയും ഫലം നെഗറ്റിവാണ്. ഇന്നലെ ശേഖരിച്ച ആറ് പേരുടെയടക്കം 8 പേരുടെ ഫലമാണ് ഇനി വരാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."