ഫ്രാന്‍സിന്റെ മുന്നറിയിപ്പ്
ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് 3-1ന് ഇറ്റലിയെ വീഴ്ത്തി
പാരിസ്: റഷ്യന്‍ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ് രണ്ടാം ലോക കിരീടം തേടിയുള്ള യാത്രയ്ക്ക് വിജയത്തോടെ തുടക്കമിട്ടു. ലോകകപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ മുഖം മിനുക്കി തിരിച്ചുവരവിന് ശ്രമിക്കുന്ന കരുത്തരായ ഇറ്റലിയെ ഫ്രാന്‍സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. സാമുവല്‍ ഉംറ്റിറ്റി, അന്റോയിന്‍ ഗ്രിസ്മാന്‍, ഒസ്മാന്‍ ഡെംബലെ എന്നിവരുടെ ഗോളുകളാണ് ഫ്രാന്‍സിന് വിജയമൊരുക്കിയത്. ഇറ്റലിയുടെ ആശ്വാസ ഗോള്‍ ബൊനൂസി നേടി.
ആക്രമണത്തിലും പ്രതിരോധത്തിലും ഫ്രാന്‍സിനൊപ്പം തന്നെ നില്‍ക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ഇറ്റലിക്ക് സാധിച്ചെങ്കിലും ആക്രമണം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഫ്രാന്‍സ് കാണിച്ച മികവാണ് മത്സരത്തെ വേറിട്ട് നിര്‍ത്തിയത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ഫ്രാന്‍സിനായിരുന്നു. ഒപ്പം പാസിങിലൂടെ കളി മെനയുന്നതിലും ഫ്രഞ്ച് ടീം മുന്നില്‍ നിന്നു.
കളി ആരംഭിച്ച് എട്ടാം മിനുട്ടില്‍ തന്നെ സാമുവല്‍ ഉംറ്റിറ്റി ഫ്രാന്‍സിനെ മുന്നില്‍ കടത്തി. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി കടുത്ത ആക്രമണവുമായി ഫ്രാന്‍സ് മുന്നേറവേ 29ാം മിനുട്ടില്‍ പെനാല്‍റ്റി രൂപത്തില്‍ ടീമിന്റെ രണ്ടാം ഗോളും എത്തി.
ഫ്രഞ്ച് താരം ലുക്കാസ് ഹെര്‍ണാണ്ടസിനെ ഇറ്റലിയുടെ റോളണ്ടോ മണ്‍ഡ്രഗോറ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അന്റോയിന്‍ ഗ്രിസ്മാന്‍ കൃത്യമായി വലയിലാക്കി മുന്‍ ലോക ചാംപ്യന്‍മാരുടെ ലീഡുയര്‍ത്തി. 36ാം മിനുട്ടില്‍ ലിയനാര്‍ഡോ ബൊനൂസിയിലൂടെ ഇറ്റലി ഒരു ഗോള്‍ മടക്കി.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണം തുടര്‍ന്നു. മത്സരം മുന്നോട്ട് പോകവേ 63ാം മിനുട്ടില്‍ ഇറ്റാലിയന്‍ ബോക്‌സിലെ ഫ്രഞ്ച് ടീമിന്റെ ഗോള്‍ ശ്രമം. ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ഡെംബലെ തൊടുത്ത ഷോട്ട് വളഞ്ഞ് ഇറ്റാലിയന്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് താഴ്‌നിറങ്ങിയപ്പോള്‍ ചാടി തടയാനുള്ള ഇറ്റാലിയന്‍ ഗോളി സിരിഗുവിന്റെ ശ്രമം ഫലിച്ചില്ല. മനോഹരമായ ഗോളിലൂടെ ഫ്രഞ്ച് ടീമിന്റെ ലീഡ് മൂന്നിലെത്തിച്ച് ഡെംബലെ വിജയം ഉറപ്പാക്കി.
ഗോളില്ലാതെ കൊളംബിയയും ഈജിപ്തും
ലോകകപ്പിനൊരുങ്ങുന്ന കൊളംബിയയും ഈജിപ്തും സൗഹൃദ പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന മുഹമ്മദ് സലാഹിന്റെ അഭാവത്തിലിറങ്ങിയ ഈജിപ്ത് സൂപ്പര്‍ താരങ്ങളുള്ള കൊളംബിയയെ ഗോളടിക്കാന്‍ അനുവദിക്കാതെ പ്രതിരോധിച്ചു. ജെയിംസ് റോഡ്രിഗസ്, റഡാമല്‍ ഫാല്‍ക്കാവോ തുടങ്ങിയവരൊക്കെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മത്സരത്തില്‍ പന്തടക്കത്തിലും ആക്രമണം സൃഷ്ടിക്കുന്നതിലുമെല്ലാം കൊളംബിയ മുന്നില്‍ നിന്നു.
ടുണീഷ്യയ്ക്ക് സമനില
നാടകീയ രംഗങ്ങളും ആക്രമണ പ്രതീതിയും അരങ്ങേറിയ സംഭവ ബഹുലമായ പോരാട്ടത്തില്‍ ലോകകപ്പിനൊരുങ്ങുന്ന ടുണീഷ്യ തുര്‍ക്കിയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു. മത്സരത്തിനിടെ കാണികളെ നോക്കി പ്രകോപനപരമായി ആക്രോശിച്ച തുര്‍ക്കി നായകന്‍ സെന്‍ക് ടോസന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അതിനിടെ ചില കാണികള്‍ മൈതാനം കൈയറേനും ശ്രമിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."