ബസ് കണ്‍സഷന്‍: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍
കൊല്ലം: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് കണ്‍സഷന്‍ അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദേശം നല്‍കി. സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി യോഗത്തിലാണ് തീരുമാനം. പന്ത്രണ്ടാം ക്ലാസുവരെയുള്ളവര്‍ക്ക് യൂനിഫോം, സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടാകണം.
പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലുള്ളവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലുള്ളവര്‍ക്ക് ആര്‍.ടി.ഒ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. അന്തര്‍ജില്ലാ യാത്രയ്ക്കായി വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലയില്‍ നിന്നുള്ള ഐ.ഡി കാര്‍ഡാണ് പരിഗണിക്കുക.
യാത്ര എവിടം മുതല്‍ എവിടെ വരെയെന്ന് രേഖപ്പെടുത്തിയ കാര്‍ഡുകളില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തുകയും വേണം. യാത്രാസൗജന്യത്തിന് രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെ സമയപരിധിയും 40 കിലോമീറ്റര്‍ ദൂരപരിധിയുമായി നിശ്ചയിച്ചു.
സ്വാതന്ത്യദിനം, ഗാന്ധിജയന്തി മുതലായ സര്‍ക്കാര്‍ യാത്രാസൗജന്യം പ്രഖ്യാപിക്കുന്ന അവധി ദിനങ്ങളില്‍ പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകുന്നതിന് യാത്രാ സൗജന്യം ലഭിക്കും. പഠനദിനങ്ങളില്‍ ഐ.ഡി കാര്‍ഡില്ലാതെ സൗജന്യ നിരക്ക് അനുവദിക്കില്ല.
വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ ശിക്ഷാ നടപടിയെടുക്കും. കണ്ടക്ടര്‍ യൂനിഫോമും നെയിം ബാഡ്ജും ധരിച്ചിരിക്കണം. ജൂലൈ 31ന് അകം കണ്‍സഷന്‍ കാര്‍ഡ് വാങ്ങിയിരിക്കണം. അവധിക്കാലത്തെ റഗുലര്‍ ക്ലാസുകള്‍ക്കും കണ്‍സഷന്‍ നല്‍കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പരാതികളും ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളെക്കുറിച്ചുള്ള പരാതികളും പൊലിസിന്റെ ക്രൈം സ്റ്റോപര്‍ നമ്പറായ 1090 ല്‍ അറിയിക്കാം.
കൂടാതെ മോട്ടര്‍ വാഹന വകുപ്പിന്റെ ചുവടെയുള്ള നമ്പരുകളിലേക്ക് വിളിച്ചും എസ്.എം.എസ് വഴിയും പരാതിപ്പെടാം. കൊട്ടാരക്കര-ഓയൂര്‍-പാരിപ്പള്ളി, ഇത്തിക്കര-ഓയൂര്‍-ആയൂര്‍ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്‍സഷന്‍ നല്‍കാന്‍ ഡി.ടി.ഒയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ബസ് ഉടമകള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, വവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."