മലയാളി വിദ്യാര്‍ഥിയുടെ കൊല: പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന്
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മേനോനെ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന നിഗമനത്തിനെതുടര്‍ന്ന് ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ഇരുവരേയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികളായ സഹോദരങ്ങളില്‍ മൂത്തയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം വിശ്വസനീയമല്ലെങ്കിലും ബോണ്‍ ഏജ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
ശിക്ഷയില്‍ ഇളവ് ലഭിക്കാനാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം പ്രതികളും അവരുടെ ബന്ധുക്കളും ഉന്നയിക്കുന്നതെന്ന രജതിന്റെ ബന്ധുക്കളും സമീപവാസികളും ഉന്നയിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ട പാന്‍ കടക്കാരന്റെ രണ്ടാമത്തെ മകന്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണെന്നും പറയുന്നുണ്ട്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച പി.കെ.ബിജു എം.പിയോട് കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. കേസന്വേഷണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി യഥാര്‍ഥ പ്രതികളെ ഉടനടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ കനത്ത പൊലിസ് കാവല്‍ തുടരുകയാണ്. ഡി.ഡി.എ മാര്‍ക്കറ്റിലുള്ള അനധികൃത കടകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ റിഷി പാല്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിയ്ക്കുന്ന മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ ബുധാനാഴ്ച്ച വൈകീട്ടാണ് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റേയും കൃഷ്ണകുമാരിയുടേയും മകന്‍ രജത് മേനോന്‍(14) കൊല്ലപ്പെടുന്നത്. മോഷണം കുറ്റം ആരോപിച്ച് പാന്‍കടക്കാരനും മക്കളും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രജത് മോനോനെ ഇവര്‍ ആക്രമിക്കാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ചും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്. രജതിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് എഫ്.ഐ.ആറിലുള്ളത്. മൃതദേഹത്തില്‍ കാര്യമായ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് പൊലിസ് നിഗമനം. മര്‍ദ്ദനത്തെ ഭയന്ന് ഹൃദയാഘാതമുണ്ടായതാണോ മരണകാരണമെന്നും സംശയിയ്ക്കുന്നുണ്ടെന്നും പൊലിസ് പറയുന്നു. അതേസമയം രജത്തും കൂട്ടുകാരായ രണ്ടു വിദ്യാര്‍ഥികളും പാന്‍ കടക്കാരനുമായി എന്തു കാര്യത്തിലാണ് തര്‍ക്കമുണ്ടായതെന്നും കുട്ടികള്‍ക്ക് പാന്‍കടക്കാരനുമായി മുന്‍പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിലേയ്ക്കും അന്വേഷണം നീണ്ടേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."