ഇമ്മിണി ബല്യ ബഷീര്‍
അനുഭവങ്ങളുടെ സമ്പന്നതയില്‍ വൈക്കം മുഹമ്മദ് ബഷീറിനോളം മറ്റൊരു എഴുത്തുകാരനുണ്ടാവില്ല. ഉറവവറ്റാത്ത നര്‍മബോധവും കാവ്യാത്മകമായ സംഭാഷണ ഭാഷയിലുള്ള രചനാ രീതിയും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയാണ്. മലയാള സാഹിത്യത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്ക് നയിച്ച എഴുത്തുകാരില്‍ ഒരാളെന്ന നിലയില്‍ ബഷീര്‍ വേറിട്ടുനില്‍ക്കുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജന്മസ്ഥലമായ തലയോലപ്പറമ്പില്‍നിന്ന് ഒളിച്ചോടി കോഴിക്കോട്ടു വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ബഷീര്‍ 1930 ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ സജീവമായി കോഴിക്കോട് സബ്ജയിലില്‍ തടവിലായി. മദ്രാസ്, കോട്ടയം, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജയില്‍വാസം.
ഇതിനിടയിലാരംഭിച്ച ഉജ്ജീവനം വാരിക ഭീകരവാദ പ്രചാരണമാണെന്നു കണ്ട് ഗവണ്‍മെന്റ് കണ്ടുകെട്ടി. ഇതിനെ തുടര്‍ന്നുള്ള അറസ്റ്റ് ഭീഷണി നേരിട്ട് നാടുവിട്ട് ട്രെയിനില്‍ ലക്ഷ്യമില്ലാതെ യാത്ര ചെയ്തു. ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന യാത്രയില്‍ ഇന്ത്യയുടെ മിക്കഭാഗങ്ങളെ കൂടാതെ അറബ് രാജ്യങ്ങളിലും ആഫ്രിക്കന്‍ തീരപ്രദേശങ്ങളും സന്ദര്‍ശിച്ചു.
യാതന നിറഞ്ഞ യാത്രക്കിടയില്‍ പത്രവില്‍പ്പനക്കാരന്‍, പത്രാധിപര്‍, കമ്പൗണ്ടര്‍, പാചകക്കാരന്‍, കൈനോട്ടക്കാരന്‍, കാവല്‍ക്കാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, മാജിക്കുകാരന്‍, ഹോട്ടല്‍ തൊഴിലാളി തുടങ്ങി വിവിധ മേഖലകളിലുള്ള ഉപജീവനമാര്‍ഗങ്ങളും പരീക്ഷിച്ചു. വിപുലമായ അനുഭവസമ്പത്തോടെ തിരിച്ചു കേരളത്തില്‍ വന്ന് സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനോടകം വിലപ്പെട്ട പല പുസ്തകങ്ങളും വായിക്കാനും ഇംഗ്ലീഷും മറ്റു പലഭാഷകളും പഠിക്കാനും കഴിഞ്ഞു.
ഈ അനുഭവത്തില്‍നിന്നാണ് പല സൃഷ്ടികളും രൂപപ്പെട്ടത്. എറണാകുളത്ത് സ്വന്തമായി ഒരു ബുക്‌സ്റ്റാള്‍ തുടങ്ങിയത് മറ്റ് എഴുത്തുകാരുമായുള്ള ബന്ധത്തിനു സഹായകമായി. അതിനു ശേഷം മുഴുവന്‍ സമയവും സാഹിത്യ രചനയിലേക്ക് തിരിഞ്ഞു.
പിന്നീട് 1962 ല്‍ കോഴിക്കോട്ടു വന്ന് ബേപ്പൂരില്‍ 'വൈലാലില്‍' വീട്ടില്‍ താമസമാക്കി. കോഴിക്കോട്ടുകാര്‍ക്ക് ബേപ്പൂര്‍ സുല്‍ത്താനും വായനക്കാര്‍ക്ക് എഴുത്തുകാരുടെ സുല്‍ത്താനും വീട്ടുകാര്‍ക്ക് പ്രിയപ്പെട്ട റ്റാറ്റയുമായിരുന്നു.
ജയിലില്‍വച്ചുള്ള സൃഷ്ടികള്‍
പൊലിസുകാരന്റെ മകള്‍, അനല്‍ഹഖ് എന്നീ കഥകള്‍ തടവറയില്‍വച്ചാണ് എഴുതിയത്. 'പ്രേമലേഖനം' എന്ന നോവല്‍ എഴുതിയത് 1943 ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍വച്ചാണ്. 1944 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ കൃതി നിരോധിച്ചു.
ഗാന്ധിജിയുമായി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഉപ്പുസത്യാഗ്രഹവും ഗാന്ധിജിയോടുള്ള ആരാധന വര്‍ധിപ്പിച്ചു. ബാലനായിരിക്കുമ്പോള്‍ തന്നെ ഗാന്ധിജി ബഷീറിന്റെ ബഹുമാന പാത്രമായി. വൈക്കം സത്യാഗ്രഹം തുടങ്ങിയ 1924 മാര്‍ച്ചില്‍ ബഷീര്‍ വൈക്കം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. സത്യാഗ്രഹത്തിനെത്തിയ ഗാന്ധിജിയെ ഹസ്തദാനം ചെയ്യാന്‍ അന്നു ബഷീറിനു സാധിച്ചു. സ്‌കൂള്‍ വിട്ടുവന്ന ബഷീര്‍ വീടെത്തും മുമ്പേ വിളിച്ചു പറഞ്ഞു: ''ഉമ്മാ ഞാന്‍ കാന്തീനെ തൊട്ടു''. സത്യാഗ്രഹ പന്തലില്‍ പോയതിന് സ്‌കൂളില്‍നിന്നു ബഷീറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി.
വായിച്ചേ വളരാവൂ
എന്റെ പ്രിയപ്പെട്ട സുപ്രഭാതം കൂട്ടുകാര്‍ക്ക്
ഞാന്‍ അനീസ് ബഷീര്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍. ഒന്നാം ക്ലാസിനും പ്ലസ്ടുവിനുമിടയില്‍ നിങ്ങളൊക്കെ പല ബഷീര്‍ കൃതികളും വായിക്കുകയും പഠിക്കുകയും ചെയ്യും. ബഷീറിന്റെ കൃതികള്‍ പഠിക്കാതെ നമുക്കു മുമ്പോട്ടു പോകാനാവില്ല. മനുഷ്യജീവിതവും പ്രകൃതിയും വളരെ മനോഹരമായി അവതരിപ്പിച്ച സാഹിത്യകാരന്‍മാരില്‍ പ്രമുഖനാണ് ബഷീര്‍.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിനു ധാരാളം കൂട്ടുകാര്‍ കത്തുകളെഴുതിയിരുന്നു. പോസ്റ്റ് കാര്‍ഡില്‍ അതിനു മറുപടി കൃത്യമായി തിരിച്ചയക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കൊച്ചുകുട്ടിയായിരിക്കെ നിങ്ങളെപ്പോലുള്ള കൊച്ചുകൂട്ടുകാരുടെ കത്തുകള്‍ വായിച്ചുകൊടുക്കാറുണ്ട് ഞാന്‍ ഉപ്പയ്ക്ക്. കണ്ണിനു തിമിരം ശല്യം ചെയ്തു തുടങ്ങിയതിനു ശേഷമായിരുന്നു എന്നെക്കൊണ്ട് കത്തുകള്‍ വായിപ്പിക്കുകയും എഴുതിക്കുകയും ചെയ്തിരുന്നത്. അല്ലാതെയുള്ള കാലത്ത് ഉപ്പ സ്വയം വായിച്ച്, സ്വന്തം കൈപ്പടയില്‍ തന്നെയായിരുന്നു എഴുതിയിരുന്നത്.
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ ഉപ്പ എന്നെ വായനയിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു. വിവിധ പത്രങ്ങള്‍, മഹാച്ചരിതമാല, അമര്‍ചിത്ര കഥകള്‍ എന്നിവ ലഭ്യമാക്കി ചെറുപ്പത്തിലേ വായനയുടെ ലോകം എനിക്കു കാണിച്ചു തന്നു.
കുഞ്ഞുണ്ണി മാഷെപ്പോലുള്ളവര്‍ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. കുഞ്ഞുണ്ണി മാഷും ഉപ്പയും തമ്മിലുള്ള സംഭാഷണമൊക്കെ കേട്ടു വളരാന്‍ എനിക്കു ഭാഗ്യവും ലഭിച്ചു.
കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും. അതിനാല്‍ എന്റെ പ്രിയ കൂട്ടുകാര്‍ നല്ല വായനാശീലമുള്ളവരാകട്ടെ എന്നാശംസിക്കുന്നു.
അനീസ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍
യഥാര്‍ഥ പേര്: അബ്ദുറഹ്്മാന്‍ മുഹമ്മദ് ബഷീര്‍
ജനനം: 1908 ജനുവരി 19, കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍.
മരണം: 1994 ജൂലായ് 05 കോഴിക്കോട്
ജില്ലയിലെ ബേപ്പൂരില്‍
പിതാവ്: കായി അബ്ദുറഹ്്മാന്‍ സാഹിബ്
മാതാവ്: കുഞ്ഞാച്ചുമ്മ.
പത്‌നി: ഫാബി ബഷീര്‍
മക്കള്‍: ഷാഹിന ബഷീര്‍, അനീസ് ബഷീര്‍
പ്രധാന പുരസ്‌കാരങ്ങള്‍
1972 കേന്ദ്ര അക്കാദമി അവാര്‍ഡ്
1982 പത്മശ്രീ
1987 കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ദ ലറ്റേഴ്‌സ് ബിരുദം
1989 മതിലുകള്‍ എന്ന ചലച്ചിത്രത്തിന്റെ കഥക്ക് കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്
1992 ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്
1993 മുട്ടത്തുവര്‍ക്കി അവാര്‍ഡ്
1993 വള്ളത്തോള്‍ അവാര്‍ഡ്
ആദ്യം പ്രസിദ്ധീകരിച്ച കഥ:
'എന്റെ തങ്കം'(1937 ല്‍ ജയകേസരി പത്രത്തില്‍)
നോവലുകള്‍
1943 പ്രേമലേഖനം
1944 ബാല്യകാല സഖി
1947 ശബ്ദങ്ങള്‍
1951 ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്
1951 മരണത്തിന്റെ നിഴല്‍
1953 സ്ഥലത്തെ പ്രധാന ദിവ്യന്‍.
1953 ആനവാരിയും പൊന്‍കുരിശും
1954 ജീവിത നിഴല്‍പ്പാടുകള്‍
1959 പാത്തുമ്മയുടെ ആട്
1965 മതിലുകള്‍
1968 താരാസ്‌പെഷല്‍സ്
1968 മാന്ത്രികപ്പൂച്ച
പ്രേമ്പാറ്റ
ചെറുകഥകള്‍
1945 ജന്മദിനം
1946 ഓര്‍മക്കുറിപ്പ്
1946 അനര്‍ഘ നിമിഷം
1948 വിഡ്ഡികളുടെ സ്വര്‍ഗം
1952 പാവപ്പെട്ടവരുടെ വേശ്യ
1954 വിശ്വവിഖ്യാതമായ മൂക്ക്
1954 വിശപ്പ്
1967 ഒരു ഭഗവത്ഗീതയും കുറേ മുലകളും
1975 ആനപ്പൂട
1975 ചിരിക്കുന്ന മരപ്പാവ
1977 ഭൂമിയുടെ അവകാശികള്‍
1991 ശിങ്കിടി മുങ്കന്‍
1994 സര്‍പ്പയജ്ഞം
മറ്റു കൃതികള്‍
1938 ധര്‍മരാജ്യം
1945 കഥാബീജം
1969 നേരും നുണയും
1973 ഓര്‍മയുടെ അറകള്‍
1983 അനുരാഗത്തിന്റെ ദിനങ്ങള്‍
1985 ഭാര്‍ഗവി നിലയം
1991 എം.പി പോള്‍
1992 ചെവിയോര്‍ക്കുക അന്തിമകാഹളം
1994 പൂവമ്പഴം
2000 ജീവിതം ഒരു അനുഗ്രഹം
2008 ബഷീറിന്റെ കത്തുകള്‍
ബഷീറിന്റെ മരണശേഷം കണ്ടെടുത്ത പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചെറുകഥ, കവിത, ലേഖനങ്ങള്‍, കുറിപ്പുകള്‍ എന്നിവയുടെ സമാഹാരമാണ് 'യാ ഇലാഹി'.
ചലച്ചിത്രമാക്കിയത്
ബാല്യകാലസഖി
പ്രേമലേഖനം
മുച്ചീട്ടുകളിക്കാരന്റെ മകള്‍
മതിലുകള്‍
ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലാസുകളിലെ മലയാള പാഠങ്ങളിലെ ബഷീര്‍ കഥകള്‍ക്കുകൂടി ഉപകാരപ്പെടുന്ന ദിനാചരണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കൂ.
'ബഷീര്‍ ദ മാന്‍'എന്ന ഡോക്യൂമെന്ററി ഫിലിം പ്രദര്‍ശിപ്പിക്കാം. ഇതിന് അധ്യാപകരുടെയോ നാട്ടിലെ ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായി സഹകരിക്കാം.
'ബേപ്പൂര്‍ സുല്‍ത്താന്‍ കണ്ട ലോകം' എന്ന വിഷയത്തില്‍ ഒരു കുറിപ്പ് തയാറാക്കിയാലോ? പത്ര,മാസികകളിലെ വിവരങ്ങള്‍ ഇതിനുപകരിക്കും.
വിദ്യാരംഗം, മലയാളം ക്ലബുകള്‍ക്കു കീഴില്‍ കഥാരചനാമത്സരവും ക്യാംപും സംഘടിപ്പിക്കാം. വിജയികള്‍ക്ക് ബഷീര്‍ കൃതികള്‍ സമ്മാനമായി നല്‍കുകയുമാകാം.
കൂട്ടുകാരെല്ലാവരും ചേര്‍ന്ന് ഒരു ബഷീര്‍ ഓര്‍മപ്പതിപ്പ് തയാറാക്കി സ്‌കൂള്‍ ലൈബ്രറിയില്‍ വായനയ്ക്കു നല്‍കുക. ഇതിനുള്ള ചിത്രങ്ങള്‍ പത്രമാസികകളില്‍നിന്ന് കിട്ടും.
'സ്വാതന്ത്ര്യസമരക്കാലത്തെ സാഹിത്യകാരന്മാര്‍'എന്ന ഒരു ഫോട്ടോപ്രദര്‍ശനം കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കും.
എഴുത്തുകാരില്‍ എത്രമാത്രം സ്വാതന്ത്ര്യസമര ദാഹം പ്രകടമായിരുന്നുവെന്നതിന് തെളിവായി അവരുടെ രചനകള്‍ തെരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കാം.
സ്‌കൂള്‍ ലൈബ്രറിയില്‍നിന്ന് ബഷീര്‍ കൃതികള്‍ തെരഞ്ഞെടുത്ത് എല്ലാവരും സംഗമിക്കുന്നിടത്ത് പ്രദര്‍ശിപ്പിക്കാം.
ബഷീര്‍കഥകളിലെ കഥാപാത്രങ്ങളായി വേഷം കെട്ടുന്നതും ക്ലാസുകളിലൂടെ സഞ്ചരിച്ച് ബഷീര്‍ ശൈലിയില്‍ ഡയലോഗുകള്‍ ഉരുവിടുന്നതും ഏവരേയും ആഹ്ലാദിപ്പിക്കും.
ബഷീര്‍കഥയ്ക്ക് തിരക്കഥ, നാടകരചന മത്സരവും സംഘടിപ്പിക്കാം.ഇത് റേഡിയോ നാടകമായും ചെയ്യാം. അതിന്റെ സിഡി വിപണനം സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനുള്ള ധനശേഖരണവുമായി.
ബഷീര്‍ അനുസ്മരണ ദിവസം, വൈലാലിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സഹൃദയരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കുവയ്ക്കാറുണ്ട്. കോഴിക്കോടുമായി അടുത്തുള്ള ചങ്ങാതിമാര്‍ക്ക് ഈ കൂട്ടായ്മയില്‍ പങ്കുകൊള്ളാം.
ബഷീര്‍ കഥാപാത്രങ്ങളെ വരച്ചുനോക്കൂ. മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കര്‍, എട്ടുകാലി മമ്മൂഞ്ഞ്, മുഴയന്‍ നാണു, പൊന്‍കുരിശു തോമ, മജീദ്, സുഹ്‌റ, പാത്തുമ്മയും ആടും തുടങ്ങിയവരെല്ലാം കണ്‍മുന്നില്‍ നിറയുന്നത് രസകരമായ അനുഭവമല്ലേ?
സ്‌കൂള്‍ ലൈബ്രറിയില്‍ ഇല്ലാത്ത ബഷീര്‍ ഗ്രന്ഥങ്ങള്‍ ശേഖരിച്ച് കുറവുനികത്താം.
ഒരു കൈയെഴുത്തു മത്സരവും സംഘടിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."