നിപാ വൈറസ്: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.
ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ട് തുടരണമെന്ന് യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട്ട് തുടരും.
രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചുനല്‍കാന്‍ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നതതലയോഗത്തിനിടയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാരുമായി സംസാരിച്ചു.
നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധപ്രവര്‍ത്തനത്തിന്റെ വിവരങ്ങളും ഐ.ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കലക്ടര്‍ക്ക് ഐ.ടി വകുപ്പ് ലഭ്യമാക്കും.
രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇല്ലെന്ന് യോഗം വിലയിരുത്തി. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."