നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും ആയുധങ്ങളുണ്ടായിട്ടും അടരാടാനാവാതെ പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. പൊലിസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെയും ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം നേടിയ വന്‍ വിജയത്തിന്റെയും പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ആവശ്യത്തിന് ആയുധങ്ങളുണ്ടെങ്കിലും എടുത്തു പ്രയോഗിക്കാനാവാത്ത അവസ്ഥയിലാണവര്‍.
വരാപ്പുഴ കസ്റ്റഡി മരണം, കെവിന്‍ വധം തുടങ്ങി പൊലിസിന്റെ അതിക്രമങ്ങളും അനാസ്ഥയും സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരേ കഴിഞ്ഞ സഭാസമ്മേളനത്തിനു ശേഷം ഉയര്‍ന്നത്. എന്നാല്‍, ചെങ്ങന്നൂര്‍ വിജയത്തോടെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഭരണമുന്നണിക്കായി. സര്‍ക്കാരിനെതിരേ ഈ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍, ചെങ്ങന്നൂര്‍ പരിചയാക്കി ഭരണപക്ഷത്തിന് അതിനെയൊക്കെ അനായാസം നേരിടാവുന്ന സാഹചര്യമാണുള്ളത്. പ്രതിപക്ഷാരോപണം അടിസ്ഥാനരഹിതമാണെന്നും അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു ഫലമെന്നുമായിരിക്കും ഭരണപക്ഷം വാദിക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം കൂടുതല്‍ പ്രതിരോധത്തിലാകുന്ന സാഹചര്യമായിരിക്കും സഭയിലുണ്ടാകുക.
കൂടാതെ ഉപതെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ രൂപംകൊണ്ട തര്‍ക്കങ്ങളും പ്രതിപക്ഷത്തിന്റെ പ്രഹരശേഷി കുറയ്ക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയവരില്‍ പലരും സഭാംഗങ്ങളാണ്. അവര്‍ പോലും അംഗീകരിക്കാത്ത നേതൃത്വമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമുള്ളതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടും. കൂട്ടത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചകള്‍ക്കു രാഷ്ട്രീയച്ചൂട് പകരും. കാലാവധി പൂര്‍ത്തിയാകുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ചു പാസാക്കാനാണ് സഭ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."