കരിപ്പൂരില്‍ പറക്കാനൊരുങ്ങിയ വിമാനത്തിന് സാങ്കേതിക തകരാര്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി റണ്‍വേയിലേക്കു നീങ്ങിയ വിമാനത്തിന്റെ സര്‍വിസ് സാങ്കേതിക തകരാര്‍ മൂലം മുടങ്ങി. ഇന്നലെ രാവിലെ 11.40 നാണ് സംഭവം.
തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പാര്‍ക്കിങ് ബേയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലെത്തി ദോഹയിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തിനാണ് തകരാര്‍ കണ്ടത്. കരിപ്പൂരില്‍നിന്നുള്ള യാത്രക്കാര്‍ കയറിയ ശേഷം റണ്‍വേയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.
ടേക്ക് ഓഫിനു തൊട്ടു മുന്‍പു പ്രശ്നം കണ്ടെത്തിയതിനാല്‍ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ വിവരമറിയിച്ചു വിമാനം പാര്‍ക്കിങ് ബേയിലേക്കു തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. വിമാനത്തിന്റെ തകരാര്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കരിപ്പൂരില്‍ ടേക്ക് ഓഫിനായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ താനേ തുറന്നിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക്കായി തുറക്കേണ്ട വിമാനത്തിന്റെ മുന്നിലെ വാതിലാണ് ആകസ്മികമായി തുറന്നത്.വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പായിരുന്നു ഈ സംഭവമെന്നതിനാല്‍ വന്‍ ദുരന്തം തലനാരിഴക്കാണ് വഴിമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."